കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Friday 25 September 2015

ഒല്ലൂക്കര ∙ പെരുമ്പടപ്പ് മനയുടെ വടക്കിനിയിലെ അഗ്നിഹോത്രശാലയും അവിടെ കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന നൂറ്റാണ്ടുകൾ പഴക്കം വരുന്ന താളിയോലക്കെട്ടുകളും വിരൽചൂണ്ടുന്നതു മഹത്തായ ഒരു പൈതൃകത്തിലേക്കാണ്. ആ പൈതൃകമാണു പെരുമ്പടപ്പ് മനയുടെ പ്രൗഢി. അഗ്നിഹോത്രം നടത്തുന്നതിനുള്ള യജ്ഞാധികാരം കൈവശമുള്ള ചുരുക്കം ചില മനകളിൽ ഒന്നാണു പെരുമ്പടപ്പ് മന. അഗ്നിഹോത്രത്തിനുള്ള സകലവട്ടങ്ങളും പെരുമ്പടപ്പ് മനയിൽ തയാറാണ്. പലയിടങ്ങളിൽനിന്നു കൊണ്ടുവന്നിട്ടുളള വിശേഷപ്പെട്ട മണൽ ശേഖരിക്കുന്നതിനുള്ള പെട്ടി (ഈ മണൽ കൂട്ടി അരണി കടഞ്ഞാണു ഹോമകുണ്ഡത്തിൽ തീ ജ്വലിപ്പിക്കുന്നത്), ഹോമകുണ്ഡത്തിലേക്കു നേദിക്കാൻ ഉപയോഗിക്കുന്ന 'അഗ്നിഹോത്ര ഹവണി', മരവുരി എന്നിങ്ങനെ നീണ്ടുപോകുന്നു ഈ നിര.


ചേർപ്പിനു സമീപമുള്ള പെരുമനയിലെ പെരുമ്പടപ്പും ചേരിയിൽനിന്ന് ഒല്ലൂരിലെത്തിയതിനാൽ ഈ കുടുംബം പെരുമ്പടപ്പുകാർ എന്നറിയപ്പെട്ടു എന്നാണു കഥ. മുന്നൂറോളം വർഷത്തെ പഴമ കൈമുതലായുള്ള ഈ മന അപൂർവമായ 'ഓത്തുകൊട്ട്' യാഗത്തിനും വേദിയായിട്ടുണ്ട്. ക്ഷണിക്കപ്പെട്ട ആചാര്യൻ യജുർവേദം പല ഭാവത്തിൽ ചൊല്ലുമ്പോൾ കൂടെയുള്ളവർ അതേറ്റു ചൊല്ലുന്ന 'കൊട്ടിക്കൽ' ചടങ്ങാണ് ഓത്തുകൊട്ട്. ഏറ്റവും ഒടുവിലായി ഇവിടെ ഓത്തുകൊട്ട് നടത്തിയതു 1977ലാണ്.  മനയുടെ ഏറ്റവും മുകളിലെ നിലയിലെ കൊച്ചു കിളിവാതിലുകളിലൂടെ നോക്കിയാൽ പൂമുഖം കടന്നെത്തുന്ന സന്ദർശകരെ കാണാം. മനയുടെ മുകളിലത്തെ നിലയിലെ മറ്റൊരു വിസ്മയമാണു കുത്തഴി എന്നറിയപ്പെട്ടിരുന്ന വലിയ ജനൽപ്പാളികൾ. കിഴക്കും പടിഞ്ഞാറും ദർശനമുള്ള ഈ കുത്തഴികൾ മലർക്കെ തുറന്നാൽ മന ലക്ഷ്യമാക്കി വരുന്ന അക്രമികളെയും തസ്കര സംഘത്തെയും മറ്റും അകലെനിന്നേ കാണാൻ കഴിയുമെന്നാണു പറയുന്നത്.
അമ്മിക്കല്ല് കയറിൽകെട്ടി അടിച്ചാണത്രെ കവർച്ചക്കാർ പെരുമ്പടപ്പ് മനയുടെ കവാടങ്ങൾ‌ തകർക്കാൻ ശ്രമിച്ചിരുന്നത്! എങ്കിൽപ്പോലും നിരാശയായിരുന്നു ഫലം. ഇനി വല്ലവിധേനയും ഒരു വാതിൽ തകർത്തു എന്നു തന്നെയിരിക്കട്ടെ, വീണ്ടും ഉണ്ട് വാതിലുകളുടെ നീണ്ട നിര! ഇതോടെ കവർച്ചാസംഘങ്ങൾ ഒട്ടുമുക്കാലും പിൻവാങ്ങും. അതാണു പെരുമ്പടപ്പ് മനയിലെ സുരക്ഷിതത്വം.
തെക്കിനിയിൽ പഴയ ഓലക്കുടകൾക്കും തടികൊണ്ടു നിർമിച്ച കരകൗശല വസ്തുക്കൾക്കുമൊപ്പം വലിയ മൂന്നു ചീന ഭരണികളും സ്ഥാനം പിടിച്ചിട്ടുണ്ട്. നടുമുറ്റത്ത് ആരാധനാരൂപമായ മുല്ല ഭഗവതിയെ കാണാം. ശാസ്താവാണു പ്രധാന ഉപാസനാമൂർത്തി. അമ്പും വില്ലുമേന്തിയ ശാസ്താവിനെ വിദ്യയുടെ അധിപനായി കരുതിയാണു പൂജിക്കുന്നത്. ശാസ്താവിനൊപ്പം 'സന്താനഗോപാലം' എന്ന കൃഷ്ണന്റെ രൂപത്തെയും ഉപാസിക്കുന്നുണ്ട്.

മുൻപു പന്ത്രണ്ടുകെട്ടായിരുന്ന മനയുടെ കിഴക്കുഭാഗത്തെ കെട്ട് പൊളിച്ചു നീക്കിയിട്ടു 70 വർഷത്തോളമായി. വടക്കുഭാഗത്തെ കെട്ടും നെല്ലറകളും പൊളിച്ചതു 1968ലാണ്. നിലവിൽ നാലുകെട്ടാണു പെരുമ്പടപ്പ് മന. ശങ്കരനാരായണൻ അടിതിരി, ഭാര്യ ദേവകി പത്തനാടി, സഹോദരനായ ഋഷികേശൻ സോമയാജി, ഭാര്യ ശ്രീദേവി പത്തനാടി എന്നിവരാണു മനയിൽ താമസം. ഋശികേശൻ സോമയാജി പത്തനംതിട്ട ജില്ലയിലെ ഇളംകൊല്ലൂർ ശിവക്ഷേത്രത്തിൽ കഴിഞ്ഞ വർഷം 'സോമയാഗം' നടത്തിയിരുന്നു.
പെരുമ്പടപ്പ് മനയുടെ പ്രത്യേകതകൾ
∙ മുന്നൂറോളം ഗ്രന്ഥങ്ങളടങ്ങിയ താളിയോല ശേഖരം.
∙ വടക്കിനിയിലെ അഗ്നിഹോത്രശാല.
∙ ഓത്തുകൊട്ട് യാഗത്തിനു വേദിയായിട്ടുണ്ട്.
(courtesy: manorama)

No comments:

Post a Comment