കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Friday 25 September 2015

പഴമയെ കൈവിടാതെ മുഖം മിനുക്കിയ തറവാട് !!


തലമുറകൾ ജീവിച്ച വീട്. കേരളീയ വാസ്തുകലയുടെ ഉത്തമ ഉദാഹരണം. ഓർമകളെല്ലാം ഈ വീടിനെ ചുറ്റിപ്പറ്റിയാണ്... പുതിയ വീട് പണിയാതിരിക്കാൻ ഡോ. ലിജോയ്ക്കും ഭാര്യ ഡോ. ലിജിയയ്ക്കും ഈ കാരണങ്ങൾ തന്നെ ധാരാളം. പക്ഷേ, ബന്ധുക്കൾ വിട്ടില്ല. പഴയ വീടിന്റെ സൗകര്യം കുറഞ്ഞപ്പോൾ ബന്ധുക്കളെല്ലാം പുതിയ വീട് പണിയാൻ ഉപദേശിച്ചു. എന്നാൽ കുടുംബത്തിലെ ഏക ആൺതരി എന്ന നിലയ്ക്ക് തറവാട് വീട് നിലനിർത്തേണ്ടത് തന്റെ കടമയാണെന്ന് ലിജോ വിശ്വസിച്ചു. പഴമയെ സ്നേഹിക്കുന്ന ലിജിയയ്ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല.അമ്മയും പിതാവിന്റെ സഹോദരനും സഹോദരിയും ഇവരോടൊപ്പമാണ് താമസം. മുറികൾ കുറവായതിനാൽ ലിജോയും കുടുംബവും വീടിനോടു ചേർന്നുള്ള ഔട്ട്ഹൗസിലായിരുന്നു താമസം. ഭക്ഷണം കഴിക്കാൻ തറവാട്ടിലേക്കെത്തും. ഇതു ബുദ്ധിമുട്ടായി മാറിയപ്പോഴാണ് വീടു പുതുക്കിപ്പണിയാൻ ആലോചിക്കുന്നത്. 1927ലാണ് വീടുപണിതത്. പണിത വർഷം വീടിന്റെ മുഖപ്പിൽ കൊത്തിവച്ചിട്ടുണ്ട്. വീടിന്റെ ഇന്റീരിയർ ഡിസൈനിങ് ചെയ്തത് ആർക്കിടെക്ട് ദമ്പതികളായ ജോസഫും റോസുമാണ്. ഇവരിലേക്ക് വീട്ടുകാർ എത്തുന്നതും വളരെ യാദൃച്ഛികമായാണ്. എറണാകുളത്തെ ഒരു കടയിൽ കയറിയപ്പോൾ ലിജിയയ്ക്ക് അതിന്റെ ഇന്റീരിയർ വളരെ ഇഷ്ടമായി. ഉടൻ തന്നെ കടയുടമയോട് ആർക്കിടെക്ടിനെക്കുറിച്ച് അന്വേഷിച്ചു. അങ്ങനെ ഈ ആർക്കിടെക്ട് ദമ്പതികളെ കണ്ടുമുട്ടി. സംസാരിച്ചപ്പോൾ ലിജിയയ്ക്കും റോസിനുമിടയിൽ നല്ല ആശയപ്പൊരുത്തം ഉണ്ടെന്നു മനസ്സിലായി. അതോടെ വീട് ജോസഫിനെയും റോസിനെയും ഏൽപ്പിച്ചു.
എക്സ്റ്റീരിയർ:
എക്സ്റ്റീരിയർ സ്ട്രക്ചറിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയതായി കൂട്ടിച്ചേർത്ത ഭാഗം വന്നപ്പോഴുള്ള വ്യത്യാസം മാത്രമേയുള്ളു. വീടിന്റെ മുൻഭാഗത്തുനിന്നു മാത്രമല്ല പുതിയതായി കൂട്ടിച്ചേർത്ത ഭാഗത്തുനിന്നും വീടിനുള്ളിലേക്കു പ്രവേശിക്കാം. പുതിയ വാതിലിലൂടെ നേരെ പുതുമയിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പഴയ വാതിലിലൂടെ നേരെ പഴമയിലേക്കു പദമൂന്നാം. വീടിന്റെ ഇരുവശങ്ങളിലും വരാന്തയുണ്ട്.മേൽക്കൂരയിൽ പാകിയ തടി ന്യൂജനറേഷനായപ്പോൾ വീടിന്റെ ലുക്ക് തന്നെ മാറിയെന്നാണ് വീട്ടുകാർ പറയുന്നത്. മേൽക്കൂരയിലെ തടി വെറുതെ ചുരണ്ടി നോക്കിയപ്പോഴാണ് അതു പെയിന്റ് അടിച്ചിരിക്കുന്നതാണെന്നും നല്ല തേക്കിൻതടിയാണെന്നും മനസ്സിലായത്. വീടിന്റെ മേൽക്കൂര മുഴുവൻ അഴിച്ചെടുത്ത് നമ്പറിട്ട് മാറ്റിവച്ച് പെയിന്റ് മുഴുവൻ ചുരണ്ടിക്കളഞ്ഞ് പോളിഷ് ചെയ്ത് വീണ്ടും പിടിപ്പിച്ചു. തടിപ്പണിയേറ്റെടുത്ത എറണാകുളത്തുകാരൻ ജോൺസന്റെ മിടുക്കുകൊണ്ടാണ് ഇതു സാധ്യമായതെന്ന് ലിജോയും ലിജിയയും പറയുന്നു. അത്രയ്ക്ക് ബുദ്ധിമുട്ടേറിയ ജോലിയായിരുന്നു.
ഫ്ളോറിങ്, പ്ലംബിങ്, വയറിങ് എന്നിവയെല്ലാം മുഴുവനായും മാറ്റി. പഴയ തറയോട് മാറ്റി പ്രകൃതിദത്തമായ കോട്ടാ സ്റ്റോൺ ഇട്ടു. വീടിനു മുന്നിലുള്ള മണിച്ചിത്രത്താഴുള്ള വാതിലിലൂടെയാണ് പഴയ തെക്കിനിയിലേക്ക് പ്രവേശിച്ചിരുന്നത്. അത് ലിജോയുടെ മുത്തച്ഛന്റെ മുറിയായിരുന്നു. പിന്നീടത് ലിവിങ് റൂം ആയി ഉപയോഗിച്ചുവന്നു. അതിപ്പോൾ ഗെസ്റ്റ് ബെഡ്റൂമാക്കി. മുറിയോടു ചേർന്നുള്ള ബാത്റൂം ആധുനികരീതിയിലൊരുക്കി. വീടിനുള്ളിൽ അമിതാഡംബരത്തിന് ശ്രമിച്ചിട്ടില്ല. പുതിയതായി കൂട്ടിയെടുത്ത ബെഡ്റൂമിലെ വാഡ്രോബുകളൊഴിച്ചാൽ ഫർണിച്ചറെല്ലാം പഴയതാണ്.ഫർണിച്ചർ:
പഴയ മേശയും കസേരകളുമെല്ലാം പോളിഷ് ചെയ്തും അപ്ഹോൾസ്റ്ററി ചെയ്തും കുട്ടപ്പൻമാരാക്കി. കൈയുംകാലും പോയി ഉപേക്ഷിച്ചിരുന്ന ഫർണിച്ചറെല്ലാം നന്നാക്കിയെടുത്തു. ബാക്കിവന്ന പഴയ ജനലിന്റെ ഷട്ടറുകളെല്ലാം കബോർഡിന്റെ വാതിലുകളാക്കി മാറ്റി. വാക്കിങ് സ്റ്റിക്, ഉപ്പുമാങ്ങാ ഭരണി, പഴയ കാൽപെട്ടികൾ തുടങ്ങിയവയെല്ലാം ഇന്റീരിയർ അലങ്കരിക്കാൻ ഉപയോഗിച്ചു.ഷോപ്പിങ്ങിനിറങ്ങുമ്പോൾ ഇഷ്ടം തോന്നുന്ന സാധനങ്ങൾ എന്നെങ്കിലും വീടുപുതുക്കുമ്പോൾ അലങ്കരിക്കാനായി വാങ്ങിവയ്ക്കുന്ന സ്വഭാവം ലിജിയയ്ക്കുണ്ടായിരുന്നു. പെയിന്റിങ്ങുകളും ഇന്റീരിയർ അലങ്കാരങ്ങളുമെല്ലാം ഇങ്ങനെ വർഷങ്ങളായി വാങ്ങിവച്ചിരുന്നവയാണ്.
കിടപ്പുമുറിയും ലിവിങ് റൂമും:
തെക്കിനിയിൽ നിന്നിറങ്ങുന്ന ഇടനാഴിയിലാണ് അറയും നിലവറയും. അവ അതേപടി നിലനിർത്തി. ഇവിടെ നിന്ന് പഴയ കിടപ്പുമുറിയിലേക്ക് കയറാം. ആ മുറി ഇപ്പോൾ ലിവിങ് റൂമാക്കി മാറ്റി. ഇവിടത്തെ ചുവരിലെ തടിവാതിൽ തുറന്നാൽ മച്ചിലേക്കുള്ള പടികളായി. വയറിങ് മുകളിൽ കൂടിയാണ് ചെയ്തിരിക്കുന്നത്. ലിവിങ് റൂമിന്റെ മറ്റൊരു ചുവരിലുണ്ടായിരുന്ന ഓപനിങ് സ്ഥാനം മാറ്റി നൽകി. ലിവിങ് റൂമിന്റെ തൊട്ടടുത്തുള്ള മുറി ഒരു ലോബി പോലെയാക്കി.ഊണുമുറി:
പഴയ ഊണുമുറിയോടു ചേർന്നുള്ള മുറി കൂടിയെടുത്ത് ഊണുമുറിയുടെ വലുപ്പം കൂട്ടി ഒരുഭാഗം ഫാമിലി ലിവിങ് ഏരിയ ആക്കി. ഊണുമേശയുടെ മുകൾഭാഗം ഉപയോഗയോഗ്യമായിരുന്നില്ല. വീടുപണിയിൽ ബാക്കിവന്ന തേക്ക്, ഈട്ടി, മഹാഗണി, ആഞ്ഞിലി തുടങ്ങിയ പലതരം തടിക്കഷണങ്ങൾകൊണ്ട് മനോഹരമായ ഡിസൈനിൽ മേശയുടെ മുകൾഭാഗം ജോൺസൺ ഉണ്ടാക്കി നൽകി. ഡൈനിങ് ഏരിയയ്ക്കും ഫാമിലി ലിവിങ് ഏരിയയ്ക്കും ഇടയ്ക്കുള്ള ഭാഗം പഴയ അങ്കണമായിരുന്നു. അവിടെ സീലിങ്ങിൽ ഗ്ലാസ് ഇട്ടു. പഴയൊരു മുറി വാഷ് ഏരിയ ആക്കി മാറ്റി.
അടുക്കള:
അടുക്കളയിൽ ആധുനിക സൗകര്യങ്ങളേകി, ടൈലും മാറ്റി എന്നതൊഴിച്ചാൽ മറ്റു വ്യത്യാസങ്ങളൊന്നും വരുത്തിയില്ല. കൺട്രി ലുക്കിലാണ് അടുക്കള ഒരുക്കിയത്. ഫോൾസ് സീലിങ് ചെയ്തിട്ടില്ല. പഴയ ഓടിന്റെ അകം മാത്രം പെയിന്റ് ചെയ്തു. അടുക്കളയിൽനിന്ന് ചെറിയ ഓപനിങ് നൽകി ഫാമിലി ലിവിങ് ഏരിയയുമായി ബന്ധപ്പെടുത്തി. അപ്പോൾ പാചകം ചെയ്യുമ്പോൾ ടിവി കാണുകയുമാകാം. അടുക്കളയോടു ചേർന്നുള്ള പഴയ ‘ചാർത്ത്’ വർക് ഏരിയയാക്കി മാറ്റി പുകയടുപ്പും നൽകി. ഇവിടെ മേൽക്കൂരയിൽ ഓടിട്ടു.പുതിയ മുറികൾ:
വീടിന്റെ പുതിയ മുറികളെ പഴയ ഭാഗവുമായി വളരെ മനോഹരമായി കൂട്ടിയിണക്കിയിരിക്കുന്നു. നടുമുറ്റമാണ് പഴമയ്ക്കും പുതുമയ്ക്കും ഇടയ്ക്കുള്ള പാലം. നടുമുറ്റത്തിന്റെ ചുവരിൽ ക്ലാഡിങ് ചെയ്തിട്ടുണ്ട്. നടുമുറ്റത്തോടുചേർന്ന് പുതിയ ലിവിങ് റൂം. ഇതിനോടു ചേർന്നുള്ള ഫോയറിൽനിന്ന് പുതിയ മൂന്നു കിടപ്പുമുറികളിലേക്ക് പ്രവേശിക്കാം.
കോൺട്രാക്ടറും തടി, ഫ്ളോറിങ് തുടങ്ങി എല്ലാ വിഭാഗത്തിലെയും പണിക്കാരും വളരെ ആത്മാർഥമായി സഹകരിച്ചതുകൊണ്ട് വീടുപണിയെ ‘ടീം വർക്’ എന്നാണ് വീട്ടുകാർ വിശേഷിപ്പിക്കുന്നത്. രണ്ടുവർഷംകൊണ്ടാണ് പണി പൂർത്തിയാക്കിയത്.
ഭാവിയിൽ ഹോം സ്റ്റേ തുടങ്ങാനും ഇവർക്കു പദ്ധതിയുണ്ട്. നഷ്ടപ്പെട്ടു പോകുന്ന പൈതൃകം കാത്തുസൂക്ഷിക്കാനായി എന്നതിലാണ് വീട്ടുകാരുടെ സന്തോഷം. കാര്യം വീടുപണിക്കാലം ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും ഇപ്പോൾ വീട് കാണുമ്പോൾ ഉണ്ടാകുന്ന അഭിമാനം ചില്ലറയല്ലെന്ന് ലിജോയും ലിജിയയും പറയുമ്പോൾ അതു വിശ്വസിക്കാതിരിക്കാനാവില്ല. കാരണം, അവരുടെ കണ്ണുകളിൽ ആ സന്തോഷം പ്രതിഫലിക്കുന്നതു കാണാം.
Sqft: 6000
Place : ചേർത്തല
Architect: ജോസഫ് ടി. കള്ളിവയലിൽ, റോസ് തമ്പി
Owner: ഡോ. ലിജോ, നെയ്യാരപ്പള്ളിൽ

No comments:

Post a Comment