കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Friday 25 September 2015

കാലമെത്ര ഒഴുകി, കരുത്തു ചോരാതെ ഒഴുകിൽ മന !!

വരവൂർ ∙ തൃശൂർ–പാലക്കാട് ജില്ലാതിർത്തിയായ വിരുട്ടാണം ഒഴുവത്രയിൽ തലയെടുപ്പോടെ നിൽക്കുന്നു ഒഴുകിൽ മന. മഴയെത്ര തകർത്തടിച്ചു പൊയ്താലും ശക്തിയായ കാറ്റാഞ്ഞു വീശിയാലും ഒഴുകിൽ മനയുടെ ഓടുമേഞ്ഞ മേൽക്കൂരയിൽ ഒരു തുള്ളി ചോർച്ചയോ ഒരോടുപോലും സ്ഥാനം തെറ്റുകയോ ചെയ്യില്ലെന്നാണു പണ്ടു പറഞ്ഞിരുന്നത്.
പൗരാണിക തച്ചുശാസ്ത്ര വൈഭവത്തിന്റെ മകുടോദാഹരണമായ ‘അമ്പലത്തൂക്കം’ മാതൃകയിലാണത്രേ ഒഴുകിൽ മനയുടെ മേൽക്കൂര നിർമാണം. നാനാജാതി വൃക്ഷലതാദികൾ ഇടതിങ്ങി വളരുന്ന ആറരയേക്കർ പറമ്പിന്റെ നടുവിലാണ് മൂവായിരത്തിലധികം ചതുരശ്രയടി വിസ്തൃതിയുള്ള ഒഴുകിൽ മന.
ഇരുന്നൂറ്റൻപതോളം വർഷം പഴക്കമുള്ളതാണ് മൂന്നു നിലയിലുള്ള മന. വടക്കിനി, തെക്കിനി, കിഴക്കിനി, വിശാലമായ പൂമുഖം എന്നിവയ്ക്കു പുറമെ പത്തിലേറെ മുറികളും ഒട്ടേറെ ചെറിയ അറകളുമുണ്ട് മനയ്ക്കുള്ളിൽ. രാമൻ നമ്പൂതിരിപ്പാടും ഭാര്യ ലീല അന്തർജനവും മക്കളായ റിനോഷ് നമ്പൂതിരിപ്പാട്, ഭവദാസ് നമ്പൂതിരിപ്പാട് എന്നിവരും ഇവരുടെ കുടുംബാംഗങ്ങളുമാണ് മനയിലെ ഇപ്പോഴത്തെ താമസക്കാർ.
രാമൻ നമ്പൂതിരിയുടെ മുത്തച്ഛന്റെ അനുജൻ പരമേശ്വരൻ നമ്പൂതിരിപ്പാടാണ് മന നിർമിച്ചത്. പണ്ടുകാലത്ത് 10,000 പറ നെല്ല് പാട്ടവരവുണ്ടായിരുന്ന ഒഴുകിൽ മനയിൽ ഇന്ന് നെൽകൃഷി പാടെ ഒഴിവാക്കിയിരിക്കുന്നു. എട്ടുകെട്ടായിരുന്ന മന വർഷങ്ങൾക്കു മുൻപ് ഒരു ഭാഗം പൊളിച്ച് നാല് കെട്ടായി ചുരുക്കി.



ബാക്കിയുള്ള മന ഇപ്പോഴത്തെ താമസക്കാരായ രാമൻ നമ്പൂതിരിപ്പാടും കുടുംബവും വൃത്തിയോടും മനയുടെ പ്രൗഢി മങ്ങാതെയും കാത്തു പരിപാലിക്കുന്നു. വേദത്തിലും സംസ്കൃതത്തിലും അഗാധ പാണ്ഡിത്യം നേടിയവരായിരുന്നു മനയിലെ പൂർവികരെന്ന് രാമൻ നമ്പൂതിരിപ്പാട് ഓർക്കുന്നു. മനയോളം തന്നെ പഴക്കുമുള്ള കുളപ്പുരയും പത്തായപ്പുരയും മനപ്പറമ്പിലെ കൗതുക കാഴ്ചകളാണ്.സമീപക്ഷേത്രത്തിൽ എല്ലാ വർഷവും മീന മാസത്തിൽ നടക്കുന്ന തോൽപ്പാവക്കൂത്തിനെത്തുന്ന കലാകാരൻമാർ ഇന്നും സ്ഥിരമായി താമസിക്കുന്നത് മനയിലെ പത്തായപ്പുരയിലാണ്. ഒഴുവത്രയിലെ പുതുകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായും ഒഴുകിൽമന അറിയപ്പെടുന്നു.
ഒല്ലൂക്കര ∙ പെരുമ്പടപ്പ് മനയുടെ വടക്കിനിയിലെ അഗ്നിഹോത്രശാലയും അവിടെ കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന നൂറ്റാണ്ടുകൾ പഴക്കം വരുന്ന താളിയോലക്കെട്ടുകളും വിരൽചൂണ്ടുന്നതു മഹത്തായ ഒരു പൈതൃകത്തിലേക്കാണ്. ആ പൈതൃകമാണു പെരുമ്പടപ്പ് മനയുടെ പ്രൗഢി. അഗ്നിഹോത്രം നടത്തുന്നതിനുള്ള യജ്ഞാധികാരം കൈവശമുള്ള ചുരുക്കം ചില മനകളിൽ ഒന്നാണു പെരുമ്പടപ്പ് മന. അഗ്നിഹോത്രത്തിനുള്ള സകലവട്ടങ്ങളും പെരുമ്പടപ്പ് മനയിൽ തയാറാണ്. പലയിടങ്ങളിൽനിന്നു കൊണ്ടുവന്നിട്ടുളള വിശേഷപ്പെട്ട മണൽ ശേഖരിക്കുന്നതിനുള്ള പെട്ടി (ഈ മണൽ കൂട്ടി അരണി കടഞ്ഞാണു ഹോമകുണ്ഡത്തിൽ തീ ജ്വലിപ്പിക്കുന്നത്), ഹോമകുണ്ഡത്തിലേക്കു നേദിക്കാൻ ഉപയോഗിക്കുന്ന 'അഗ്നിഹോത്ര ഹവണി', മരവുരി എന്നിങ്ങനെ നീണ്ടുപോകുന്നു ഈ നിര.


ചേർപ്പിനു സമീപമുള്ള പെരുമനയിലെ പെരുമ്പടപ്പും ചേരിയിൽനിന്ന് ഒല്ലൂരിലെത്തിയതിനാൽ ഈ കുടുംബം പെരുമ്പടപ്പുകാർ എന്നറിയപ്പെട്ടു എന്നാണു കഥ. മുന്നൂറോളം വർഷത്തെ പഴമ കൈമുതലായുള്ള ഈ മന അപൂർവമായ 'ഓത്തുകൊട്ട്' യാഗത്തിനും വേദിയായിട്ടുണ്ട്. ക്ഷണിക്കപ്പെട്ട ആചാര്യൻ യജുർവേദം പല ഭാവത്തിൽ ചൊല്ലുമ്പോൾ കൂടെയുള്ളവർ അതേറ്റു ചൊല്ലുന്ന 'കൊട്ടിക്കൽ' ചടങ്ങാണ് ഓത്തുകൊട്ട്. ഏറ്റവും ഒടുവിലായി ഇവിടെ ഓത്തുകൊട്ട് നടത്തിയതു 1977ലാണ്.  മനയുടെ ഏറ്റവും മുകളിലെ നിലയിലെ കൊച്ചു കിളിവാതിലുകളിലൂടെ നോക്കിയാൽ പൂമുഖം കടന്നെത്തുന്ന സന്ദർശകരെ കാണാം. മനയുടെ മുകളിലത്തെ നിലയിലെ മറ്റൊരു വിസ്മയമാണു കുത്തഴി എന്നറിയപ്പെട്ടിരുന്ന വലിയ ജനൽപ്പാളികൾ. കിഴക്കും പടിഞ്ഞാറും ദർശനമുള്ള ഈ കുത്തഴികൾ മലർക്കെ തുറന്നാൽ മന ലക്ഷ്യമാക്കി വരുന്ന അക്രമികളെയും തസ്കര സംഘത്തെയും മറ്റും അകലെനിന്നേ കാണാൻ കഴിയുമെന്നാണു പറയുന്നത്.
അമ്മിക്കല്ല് കയറിൽകെട്ടി അടിച്ചാണത്രെ കവർച്ചക്കാർ പെരുമ്പടപ്പ് മനയുടെ കവാടങ്ങൾ‌ തകർക്കാൻ ശ്രമിച്ചിരുന്നത്! എങ്കിൽപ്പോലും നിരാശയായിരുന്നു ഫലം. ഇനി വല്ലവിധേനയും ഒരു വാതിൽ തകർത്തു എന്നു തന്നെയിരിക്കട്ടെ, വീണ്ടും ഉണ്ട് വാതിലുകളുടെ നീണ്ട നിര! ഇതോടെ കവർച്ചാസംഘങ്ങൾ ഒട്ടുമുക്കാലും പിൻവാങ്ങും. അതാണു പെരുമ്പടപ്പ് മനയിലെ സുരക്ഷിതത്വം.
തെക്കിനിയിൽ പഴയ ഓലക്കുടകൾക്കും തടികൊണ്ടു നിർമിച്ച കരകൗശല വസ്തുക്കൾക്കുമൊപ്പം വലിയ മൂന്നു ചീന ഭരണികളും സ്ഥാനം പിടിച്ചിട്ടുണ്ട്. നടുമുറ്റത്ത് ആരാധനാരൂപമായ മുല്ല ഭഗവതിയെ കാണാം. ശാസ്താവാണു പ്രധാന ഉപാസനാമൂർത്തി. അമ്പും വില്ലുമേന്തിയ ശാസ്താവിനെ വിദ്യയുടെ അധിപനായി കരുതിയാണു പൂജിക്കുന്നത്. ശാസ്താവിനൊപ്പം 'സന്താനഗോപാലം' എന്ന കൃഷ്ണന്റെ രൂപത്തെയും ഉപാസിക്കുന്നുണ്ട്.

മുൻപു പന്ത്രണ്ടുകെട്ടായിരുന്ന മനയുടെ കിഴക്കുഭാഗത്തെ കെട്ട് പൊളിച്ചു നീക്കിയിട്ടു 70 വർഷത്തോളമായി. വടക്കുഭാഗത്തെ കെട്ടും നെല്ലറകളും പൊളിച്ചതു 1968ലാണ്. നിലവിൽ നാലുകെട്ടാണു പെരുമ്പടപ്പ് മന. ശങ്കരനാരായണൻ അടിതിരി, ഭാര്യ ദേവകി പത്തനാടി, സഹോദരനായ ഋഷികേശൻ സോമയാജി, ഭാര്യ ശ്രീദേവി പത്തനാടി എന്നിവരാണു മനയിൽ താമസം. ഋശികേശൻ സോമയാജി പത്തനംതിട്ട ജില്ലയിലെ ഇളംകൊല്ലൂർ ശിവക്ഷേത്രത്തിൽ കഴിഞ്ഞ വർഷം 'സോമയാഗം' നടത്തിയിരുന്നു.
പെരുമ്പടപ്പ് മനയുടെ പ്രത്യേകതകൾ
∙ മുന്നൂറോളം ഗ്രന്ഥങ്ങളടങ്ങിയ താളിയോല ശേഖരം.
∙ വടക്കിനിയിലെ അഗ്നിഹോത്രശാല.
∙ ഓത്തുകൊട്ട് യാഗത്തിനു വേദിയായിട്ടുണ്ട്.
(courtesy: manorama)

തലപ്പൊക്കവീരന്റെ മന ഇനി ഓർമ !!

തൃശൂർ ∙ അന്തിക്കാട് ചെങ്ങല്ലൂർ മനയുടെ രണ്ടാം നിലയിലെ ജനാല തുറക്കുമ്പോൾ പ്രത്യേകം സൂക്ഷിക്കണമായിരുന്നു. ജനാല ചിലപ്പോൾ മുറ്റത്തു നിൽക്കുന്ന ആനയുടെ പുറത്തു തട്ടിയാലോ? അതായിരുന്നു ചെങ്ങല്ലൂർ രംഗനാഥൻ എന്ന ആന. കേരളത്തിൽ തലപ്പൊക്കത്തിൽ ഇവനെ വെല്ലാൻ മറ്റൊരാനയെയും ചരിത്രം ചൂണ്ടിക്കാട്ടിയിട്ടില്ല.










തൃശൂർ അന്തിക്കാട് ചെങ്ങല്ലൂർ മന പൊളിച്ചു നീക്കുന്നു.
തൃശൂർ മ്യൂസിയത്തിൽ ഇപ്പോഴും രംഗനാഥന്റെ അസ്ഥികൂടം അതേപടി സംരക്ഷിച്ചു വച്ചിട്ടുണ്ട്. 11.5 അടി ഉയരത്തിൽ തലയെടുപ്പിന്റെ റെക്കോർഡിട്ട രംഗനാഥൻ, ആന ഫോസിൽ രൂപത്തിൽ എന്നും നിലനിൽക്കുമ്പോൾ, രംഗനാഥന്റെ നിൽപ്പുകൊണ്ടു തലപ്പൊക്കം കിട്ടിയ ചെങ്ങല്ലൂർ മന പൊളിച്ചു നീക്കുകയാണ്. ഓടിറക്കി കഴുക്കോലിന്റെ അസ്ഥികൂടവുമായി മനയുടെ ഫോസിൽ! 1905ൽ കേരളത്തിലെത്തിച്ച ആന 1917ൽ ചരിയുന്നതുവരെ കഴിഞ്ഞിരുന്നത് ഈ മനയുടെ മുറ്റത്താണ്. ചിത്രങ്ങളിൽ മനയുടെ രണ്ടാം നിലയോളം ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന രംഗനാഥനെ കാണാം.
തമിഴ്നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലായിരുന്നു രംഗനാഥൻ എന്ന ആന. ഉയരം മൂലം ക്ഷേത്രഗോപുരം കടക്കാൻ പ്രയാസപ്പെട്ടിരുന്ന ആനയെ ഉപയോഗിച്ചിരുന്നതു ക്ഷേത്രാവശ്യത്തിനുള്ള വെള്ളം കാവേരിയിൽനിന്നു കൊണ്ടുവരാൻ.
പണിയെടുത്തു മെലിഞ്ഞും ക്ഷേത്രഗോപുരത്തിൽ ഉരസി മസ്തകം മുറിവേറ്റും വലഞ്ഞ ആനയെ പോറ്റുക ബുദ്ധിമുട്ടായപ്പോൾ വിൽക്കാൻ പത്രപ്പരസ്യം നൽകി. പരസ്യം കണ്ട് അന്തിക്കാട് ചെങ്ങല്ലൂർ മനയിലെ പരമേശ്വരൻ നമ്പൂതിരി 1905ൽ തമിഴ്നാട്ടിൽ പോയി ആനയെ വാങ്ങി. കൊടുത്ത വില 1500 രൂപ. ആയുർവേദ ചികിൽസയും ഇഷ്ട ആഹാരങ്ങളും നൽകി രംഗനാഥനെ ഗജവീരനാക്കി. കേരളത്തിൽ തലയെടുപ്പിൽ ഒന്നാമനായി.

ആറാട്ടുപുഴ പൂരത്തിനു ശാസ്താവിന്റെ തിടമ്പ്, തൃശൂർ പൂരത്തിനു തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ഇവയൊക്കെ ഏറ്റാൻ നിയുക്തനായി. 1914ൽ ആറാട്ടുപുഴ പൂരത്തിനു നിൽക്കുമ്പോൾ അടുത്തുനിന്ന ആനയുടെ കുത്തേറ്റു വീണ രംഗനാഥൻ മൂന്നു വർഷം ഈ മനയുടെ മുറ്റത്തു കിടപ്പായി. ചികിൽസ മുഴുവൻ മനയിൽ നടത്തി. പക്ഷേ 1917ൽ വിടവാങ്ങി. ആനയുടെ അസ്ഥികൾ അതേപടി ശേഖരിച്ചു തൃശൂർ മ്യൂസിയത്തിനു കൈമാറി. കേരളത്തിലെ തലപ്പൊക്കമുള്ള ആന എന്ന പേരിൽ. മന പിന്നെയും നൂറു വർഷം കേടുകൂടാതെ നിലനിന്നു. സ്ഫടികം സിനിമയിൽ പല രംഗങ്ങളും ചിത്രീകരിച്ചത് ഈ മനയിലാണ്. ആടുതോമായെന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ചെറുപ്പകാലത്തെ കണ്ടുപിടിത്തങ്ങൾ കൂട്ടിയിട്ട തട്ടിൻപുറവും അടുക്കളയും അടക്കം. ഏപ്രിൽ 19 എന്ന സിനിമയും ഇവിടെ ചിത്രീകരിച്ചു.
മന നിലനിർത്താനുള്ള എല്ലാ ശ്രമങ്ങൾക്കുമൊടുവിൽ വേദനയോടെയാണു പൊളിക്കാൻ തീരുമാനിച്ചതെന്നു ചെങ്ങല്ലൂർ മനയിലെ ഹരിദാസും കുടുംബവും പറയുന്നു. മനയിലെ പൈതൃക വസ്തുക്കൾക്കൊപ്പം ചെങ്ങല്ലൂർ രംഗനാഥനെ പൂട്ടിയിരുന്ന ചങ്ങലയും ഇവർ പൊന്നുപോലെ സൂക്ഷിക്കുന്നുണ്ട്.
(courtesy; manorama)

കരിങ്ങമ്പിള്ളി സ്വരൂപം:ശുകസന്ദേശം പിറന്ന മന !!

മാള ∙ തുഞ്ചന്റെ തത്തയ്ക്കു മുൻപേ തത്തകൾ കാവ്യം ആലപിച്ച കുണ്ടൂർ കരിങ്ങമ്പിള്ളി സ്വരൂപം ഇന്നും പൗരാണികതയുടെ മാറ്റ് തെല്ലും കുറയാതെ കുണ്ടൂരിൽ തലയുയർത്തി നിൽക്കുന്നു. കാളിദാസന്റെ മേഘസന്ദേശത്തിന്റെ മാസ്മരികതയെ സ്വാംശീകരിച്ച് ഏഴു നൂറ്റാണ്ട് മുമ്പു ‘ശുകസന്ദേശം’ എന്ന സന്ദേശകാവ്യം രചിച്ച ലക്ഷ്മീദാസൻ എന്ന മഹാപണ്ഡ‍ിതനു ജന്മം നൽകിയ ഗൃഹത്തിനു പഴമ എത്രയെന്ന് അളക്കാനാവാത്ത വിധമുള്ള പ്രൗഢി.
സ്വരൂപത്തിന്റെ രൂപം നഷ്ടപ്പെടാതെ അടുത്ത കാലത്ത് ഇല്ലം പുതുക്കിപ്പണിത ഇപ്പോഴത്തെ ഗൃഹനാഥനായ പരമേശ്വരൻ നമ്പൂതിരി (കുട്ടൻ) മഹിത പാരമ്പര്യത്തോട് ആത്മബന്ധം കാണിക്കുകയായിരുന്നു. പരശുരാമൻ സ്ഥാപിച്ച 32 ഗ്രാമങ്ങളിൽ ഐരാണിക്കുളം ഗ്രാമത്തിന്റെ ദേശാധികാരികൾ ആയിരുന്നു കരിങ്ങമ്പിള്ളി സ്വരൂപക്കാർ.
സാഹിത്യരംഗത്തു മാത്രമല്ല പ്രാചീന കേരളീയ സാംസ്കാരിക സാമൂഹിക ചരിത്രത്തിലും അദ്വിതീയ സ്ഥാനമാണു സ്വരൂപത്തിനുള്ളത്. 550 വർഷം പഴക്കമുള്ള ഐരാണിക്കുളം ക്ഷേത്രത്തിലെ ഗ്രന്ഥവരിയോലകളിൽ കരിങ്ങമ്പിള്ളി സ്വരൂപത്തിന്റെ അവകാശാധികാരത്തെക്കുറിച്ചു പരാമർശമുണ്ട്.
പെരുമ്പടപ്പ് രാജാവിന്റെ അധീനതയിലുണ്ടായിരുന്ന ഐരാണിക്കുളം ഗ്രാമത്തിന്റെ രക്ഷാപുരുഷ സ്ഥാനവും മഹാരാജാവിന്റെ അസാന്നിധ്യത്തിൽ ആ ചുമതലകൾ നിർവഹിക്കാനുമുള്ള അധികാരവും കരിങ്ങമ്പിള്ളി സ്വരൂപത്തിനു നൽകിയിട്ടുണ്ടത്രേ. കോട്ടയം ജില്ലയിലെ വെമ്പള്ളി മുതൽ പാലക്കാട് ജില്ലയിലെ മണപ്പാടം വരെയുള്ള 14 ദേശവഴികളും 14 ക്ഷേത്രങ്ങളും കരിങ്ങമ്പിള്ളി സ്വരൂപത്തിന്റെ അധീനതയിലായിരുന്നു.
അതിപ്രാചീന കാലത്തു കോമല ഇല്ലമായി അറിയപ്പെടുമ്പോൾ വേദപഠന കേന്ദ്രമായി ആയിരുന്നു പ്രശസ്തി. അന്യദേശങ്ങളിൽനിന്നു പോലും വിദ്യാർഥികൾ ഇവിടെ പഠനത്തിന് എത്തിയിരുന്നതായും പ്രാചീന രേഖകൾ സൂചിപ്പിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ഇവിടെ ജീവിച്ചിരുന്ന നാരായണൻ നമ്പൂതിരിയാണു മലയാളത്തിലെ പ്രഥമ സന്ദേശകാവ്യമായ ശുകസന്ദേശം എഴുതിയ ലക്ഷ്മീദാസനെന്ന് ഉള്ളൂർ എസ്. പരമേശ്വര അയ്യർ പറയുന്നു.
പാഠശാലയ്ക്കു പിന്നീടു തിരുവിതാംകൂർ, കൊച്ചി രാജാക്കൻമാർ ഭൂമിയും വേണ്ട സഹായങ്ങളും ദാനം ചെയ്യുകയും അധികാരങ്ങളും നൽകുകയും ചെയ്തതോടെയാണ് ഇല്ലം കരിങ്ങമ്പിള്ളി സ്വരൂപം എന്നറിയപ്പെടാൻ തുടങ്ങിയത്. സംസ്കൃത പഠനത്തിലെ കുണ്ടൂർ ശൈലി എന്നാണ് ഇവിടത്തെ പാഠ്യക്രമം അറിയപ്പെട്ടിരുന്നത്.
കൊല്ലവർഷം 967 വരെ ഈ ഗുരുകുലം പ്രവർത്തിച്ചിരുന്നു. കൊല്ലവർഷം 1099ൽ അതായത് ഏതാണ്ട് ഒരു നൂറ്റാണ്ടു മുൻപുണ്ടായ വലിയ വെള്ളപ്പൊക്കത്തിൽ ഇല്ലത്തിനു ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഇല്ലം പിന്നീടു പുതുക്കി പണിതിരുന്നു. പ്രാചീന ഇല്ലങ്ങളുടെ സവിശേഷതകൾ ഉൾക്കൊള്ളുന്ന തറവാടാണിത്.
ആകാരവിശാലത ഏറെ ഇല്ലെങ്കിലും നിർമാണം പഴയ തച്ചുശാസ്ത്ര രീതി അനുസരിച്ചു തന്നെയാണ്. നടുമുറ്റത്തോടുകൂടിയ നാലുകെട്ടാണ് ഇല്ലം. സാധാരണയിൽനിന്നു വ്യത്യസ്തമായി ആറു കരിങ്കൽ തൂണുകളാണു നടുമുറ്റത്തിനു ചുറ്റം.
കൂടാതെ കിഴക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി, തെക്കിനി തുടങ്ങിയ മുറികളും ഉണ്ട്. ഇപ്പോഴത്തെ ഗൃഹസ്ഥനായ പരമേശ്വരൻ നമ്പൂതിരി അടുത്ത കാലത്ത് ഇല്ലം ചെറിയ തോതിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പഴമയുടെ പ്രൗഢിക്കു തെല്ലും കോട്ടം തട്ടിയിട്ടില്ല. ഏതു കൊടും വേനലിലും അകത്തളങ്ങളിൽ നല്ല തണുപ്പാണെന്നു വീട്ടുകാർ പറയുന്നു.
കുണ്ടൂർ കരിങ്ങമ്പിള്ളി മന
കുണ്ടൂർ കരിങ്ങമ്പിള്ളി മന.
കരിങ്ങമ്പിള്ളി സ്വരൂപത്തിന്റെ പ്രത്യേകതകൾ
∙ ഏഴു നൂറ്റാണ്ട് മുമ്പു ‘ശുകസന്ദേശം’ എന്ന സന്ദേശകാവ്യം രചിച്ച ലക്ഷ്മീദാസൻ പിറന്നത് ഇവിടെ.
∙ മനയ്ക്ക് കൊച്ചി രാജാവ് ദേശഭരണാധികാരം നൽകി.
∙ പരശുരാമൻ സ്ഥാപിച്ച 32 ഗ്രാമങ്ങളിൽ ഐരാണിക്കുളം ഗ്രാമത്തിന്റെ ദേശാധികാരികൾ ആയിരുന്നു കരിങ്ങമ്പിള്ളി സ്വരൂപക്കാർ.
∙ സംസ്കൃത പഠനത്തിലെ കുണ്ടൂർ ശൈലി രൂപപ്പെട്ടത് ഇവിടെ.
∙ കൊല്ലവർഷം 1099ലെ മാഹാപ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചെങ്കിലും നവീകരിച്ചു.

പുഴപറഞ്ഞു, ഇതാ നെടുമ്പ മന... !!

തൃശൂർ ∙ ചാലക്കുടിപ്പുഴ പറയും, നെടുമ്പമനയുടെ ചരിത്രം. കരകവിഞ്ഞൊഴുകിയ പ്രളയജലത്തെ അതിജീവിക്കാൻ ഉമ്മറത്തോടു ചേർത്തു കൊതുമ്പുവള്ളം കെട്ടിയ കാരണവരുടെ കഥ, ആ കൊതുമ്പുവള്ളത്തിൽ കയറി 25 വർഷം പുഴകടന്നു പൂജ നടത്താൻ പോയ കഥ, ഓളങ്ങൾ വഞ്ചിമറിക്കാനൊരുങ്ങുമ്പോൾ ഓലക്കുട കാലിന്റെ പെരുവിരലിൽ താങ്ങി കൈകൾ തുഴയാക്കിയ കഥ... ചാലക്കുടിപ്പുഴയുടെ കഴിഞ്ഞ 125 വർഷത്തെ ചരിത്രം തന്നെയാണ് നെടുമ്പ മനയുടെ ചരിത്രം.
പുഴയിലെ ഓളങ്ങളെ കീറിമുറിച്ച് ഒരു കൊതുമ്പുവള്ളത്തിലേറി പുഴയ്ക്കരെയുള്ള വേലൂർ കാലടി ശിവക്ഷേത്രത്തിൽ 25 വർഷക്കാലം പൂജ നടത്തിയ ആ കാരണവർ ഇവിടെത്തന്നെയുണ്ട്, എൻ.എൻ. ശങ്കരൻ നമ്പൂതിരി.
ചാലക്കുടിപ്പുഴയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന മനയിൽ മൂന്നു ദശാബ്ദങ്ങൾക്കു മുൻപു വരെ വർഷകാലത്തെ നിത്യ സന്ദർശകയായിരുന്നു ചാലക്കുടിപ്പുഴ. കര കവിഞ്ഞൊഴുകിയ ചാലക്കുടി പുഴ തഴുകാത്ത തൂണുകളൊന്നു പോലും നെടുമ്പ മനയുടെ താഴത്തെ നിലയിൽ ഉണ്ടാകില്ല.
തറവാട്ടു വഞ്ചിയിലായിരുന്നു അക്കാലത്തു മനയിലെ നിവാസികൾ സഞ്ചരിച്ചിരുന്നത്. ഉമ്മറത്തിനു സമീപം കെട്ടിയിട്ടിരുന്ന കൊതുമ്പു വള്ളത്തിലേറിയുള്ള യാത്രകൾ എണ്ണിയാൽ ഒടുങ്ങില്ലെന്നു ശങ്കരൻ നമ്പൂതിരി ഓർക്കുന്നു. നിലവിൽ നാൽപതോളം ക്ഷേത്രങ്ങളിലെ തന്ത്രിയാണ് ശങ്കരൻ നമ്പൂതിരി.
നെടുമ്പ മനയിൽ നിന്നു നാലു കിലോമീറ്ററോളം അകലെയാണ് ഇവിടത്തെ പൂർവികർ വസിച്ചിരുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് ഇവർ തിരുവനന്തപുരത്തേക്കു പലായനം ചെയ്തു. പടയോട്ടം അവസാനിച്ചപ്പോഴേക്കും നെടുമ്പ വക സ്ഥലം അന്യർ കയ്യേറിയിരുന്നു. ദാനധർമിഷ്ഠനായ കോടശ്ശേരി കർത്താവാണ് തിരിച്ചെത്തിയ നെടുമ്പയിലെ പൂർവികർക്ക് ഇപ്പോഴത്തെ സ്ഥലം പതിച്ചു നൽകിയത്.
കൊച്ചി രാജാവു നേരിട്ടു കൽപ്പിച്ചു നൽകിയ തേക്കു തടി കൊണ്ടാണ് മനയുടെ കൂട്ട് തയാറാക്കിയിരിക്കുന്നത്. നെടുമ്പയിലെ നാലുകെട്ടിൽ വരാഹമൂർത്തിയെയാണ് ഉപാസിക്കുന്നത്.പുഴയുമായുള്ള അടുത്ത ബന്ധം ശങ്കരൻ നമ്പൂതിരി അനുസ്മരിച്ചു.
പൂർവികർ ആരോ വരപ്പിച്ച ആനയുടെ ചിത്രം മനയുടെ ചുമരിൽ
പൂർവികർ ആരോ വരപ്പിച്ച ആനയുടെ ചിത്രം മനയുടെ ചുമരിൽ.
കാലവർഷം കോരിച്ചൊരിയുമ്പോൾ വലതു കാലിലെ പെരുവിരലിനിടെ ഉറപ്പിച്ചു നിർത്തിയ ഓലക്കുടയാണ് ചാലക്കുടി പുഴയിലൂടെയുള്ള കൊതുമ്പുവള്ളത്തിലെ യാത്രയ്ക്കു തനിക്കു തുണയുണ്ടായിരുന്നതെന്നു ശങ്കരൻ നമ്പൂതിരി പറയുന്നു. കഷ്ടിച്ച് ഒരാൾക്കു മാത്രം ഇരിക്കാവുന്ന കൊതുമ്പു വള്ളത്തിൽ കൂനിക്കൂടി ഇരുന്ന് ഇരുകൈകൾ കൊണ്ടും ആഞ്ഞുതുഴഞ്ഞായിരുന്നു യാത്ര!
പങ്കായത്തിന്റെ ഭാരം കൂടിയാകുമ്പോൾ വഞ്ചി മറിയുമെന്നതിനാൽ തുഴച്ചിലിനു കൈകളല്ലാതെ മറ്റൊരാശ്രയമില്ല.ഇത്തരത്തിലുള്ള പല യാത്രകൾക്കിടയിലും വള്ളം മറിഞ്ഞിട്ടുണ്ടത്രേ! നീന്തലിലെ ബാലപാഠങ്ങളാണ് അപ്പോഴൊക്കെ ശങ്കരൻ നമ്പൂതിരിക്കു രക്ഷയായത്. മറിഞ്ഞ വഞ്ചിയിൽ പിടിച്ചുകിടന്ന ശങ്കരൻ നമ്പൂതിരിയെ കാഞ്ഞാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരിയാണ് കരയിൽ നിന്നു മറ്റൊരു വഞ്ചിയുമായെത്തി ഒരിക്കൽ രക്ഷിച്ചത്.
കനാലുകളും ജലവൈദ്യുത പദ്ധതിയും മുളച്ചുപൊങ്ങിയതോടെ ചാലക്കുടി പുഴയുടെ അലകൾക്ക് കരുത്തു കുറഞ്ഞു. ഒരിക്കൽ പ്രളയഭീതിയുയർത്തി കരകവിഞ്ഞൊഴുകിയിരുന്ന ചാലക്കുടിപ്പുഴ ഇന്ന് പമ്മിപ്പതുങ്ങിയാണ് ഒഴുകുന്നത്.
ചാലക്കുടിപ്പുഴയുടെ രൗദ്ര ഭാവത്തിന് പലവട്ടം സാക്ഷ്യം വഹിച്ച നെടുമ്പ മനയിൽ ശങ്കരൻ നമ്പൂതിരിക്കൊപ്പം മകൾ ആര്യ, മരുമകനായ നീലകണ്ഠൻ, ചെറുമക്കളായ രോഹിണി, രാഹുൽ എന്നിവരാണ് താമസം.
പ്രത്യേകതകൾ
∙ കൊച്ചി മഹാരാജാവ് നേരിട്ടു കൽപ്പിച്ചനുവദിച്ച തേക്കു തടി കൊണ്ടാണ് മനയുടെ കൂട്ട് തയാറാക്കിയിരിക്കുന്നത്
∙ വരാഹമൂർത്തിയാണ് ഉപാസന

മന്ത്ര–തന്ത്ര മുഖരിതമായി കരകന്നൂർ വടക്കേടത്ത് മന !!

പെരുമ്പിലാവ് ∙ നവരനെല്ല്, മുക്കുറ്റി, കറുക, കൂവള, ചമത എന്നിവ ഉപയോഗിച്ച് ദിവസവും നടത്തുന്ന ഗണപതിഹോമത്തിന്റെ സുഗന്ധം പോർക്കുളം കരകന്നൂർ വടക്കേടത്ത് മനയ്ക്കുള്ളിലേക്കു നമ്മെ വിളിച്ചു കയറ്റുന്നു. എട്ട് എക്കറിലെ വിസ്തൃതമായ മനപ്പറമ്പിന് നടുവിലുള്ള മന പകരുന്നതു താന്ത്രിക– മാന്ത്രിക പാരമ്പര്യത്തിന്റെ മായാക്കാഴ്ചകൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള മരത്തടിയിൽ പണിത ജനവാതിലുകൾ വഴി നല്ല വായുവും വെളിച്ചവും മനയ്ക്കുള്ളിൽ നിറയുന്നു. പരദേവത ക്ഷേത്രത്തിലേക്കുള്ള പ്രവേശനഭാഗം മരം ഉപയോഗിച്ചു ശിൽപചാരുത വരുത്തിയിരിക്കുന്നു. കാർഷിക സമൃദ്ധിയുടെ തെളിവായി ഒട്ടേറെ പത്തായപ്പുരകൾ. മനയോടു ചേർന്ന് വലിയ പടിപ്പുര. സമീപത്ത് കുളിക്കാൻ വിശാലമായ കുളം. ഇവിടെ സൂര്യനമസ്കാരം നടത്തുന്നതിനുള്ള പ്രത്യേക കല്ല്. ഇങ്ങനെ നീളുന്നു മനയിലെ കാഴ്ചകൾ.

കടവല്ലൂർ അന്യോന്യത്തിൽ പാണ്ഡിത്യം തെളിയിച്ച വേദപണ്ഡിതരുടെ തറവാടായിരുന്നു ഇത്. ഋഗ്വേദത്തിൽ അഗാധ അറിവുണ്ടായിരുന്നു മുത്തച്ഛൻ നാരായണൻ നമ്പൂതിരിപ്പാടിന്. പിൻതലമുറക്കാരിലേക്ക് അദ്ദേഹം വേദോപാസനയ്ക്കുള്ള അറിവ് പകർന്നു നൽകി. ഇപ്പോഴത്തെ കാരണവരുടെ പിതാവ് ഭവദാസൻ നമ്പൂതിരി താന്ത്രിക പൂജകളിൽ പ്രസിദ്ധനായിരുന്നു. പുതിയ തലമുറയും താന്ത്രിക വിദ്യയിൽ പേരെടുത്തു. ഇപ്പോൾ ഇൗ മനയിലെ നമ്പൂതിരിമാർ കക്കാട് മഹാഗണപതി ക്ഷേത്രം, കാട്ടാകാമ്പാൽ ഭഗവതി ക്ഷേത്രം, അക്കിക്കാവ് ഭഗവതി ക്ഷേത്രം , തലക്കോട്ടുകര ശിവ ക്ഷേത്രം തുടങ്ങി അമ്പതിലധികം ക്ഷേത്രങ്ങളിലെ തന്ത്രിമാരാണ്. മറ്റു സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളും തലപ്പിള്ളി രാജവംശത്തിന് കീഴിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങളും ഇവയിൽ ഉൾപ്പെടും. ഇവർ ഉൗരാളരും തന്ത്രിയുമായ വേദക്കാട് ദേവി ക്ഷേത്രം മനയ്ക്കടുത്തു തന്നെയാണ്. നേരത്തെ ഗജസമ്പത്തുണ്ടായിരുന്ന ഇൗ മനയിൽ ഇപ്പോഴും രോഗശാന്തിക്ക് ആനകളെ കൊണ്ടുവരാറുണ്ട്. മേൽപുത്തൂർ അടക്കമുള്ള പണ്ഡിതർ വടക്കേടത്ത് മനയിലെ സന്ദർശകരായിരുന്നു എന്നതും കരകന്നൂർ വടക്കേടത്തു മനയ്ക്ക് അവകാശപ്പെട്ട ചരിത്രം.
നാരായണൻ നമ്പൂതിരി. ഭാര്യ സൗമ്യ. സഹോദരൻ വാസുദേവൻ നമ്പൂതിരി, ഭാര്യ ഭദ്ര മറ്റു സഹോദരങ്ങളായ ഭവദാസൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ചെറിയമ്മ സുമതി, മക്കളായ വൈഷ്ണവി, ജിഷ്ണു എന്നിവരാണ് മനയിലെ ഇപ്പോഴത്തെ താമസക്കാർ.
(COURTESY: MANORAMA )

പഴമയെ കൈവിടാതെ മുഖം മിനുക്കിയ തറവാട് !!


തലമുറകൾ ജീവിച്ച വീട്. കേരളീയ വാസ്തുകലയുടെ ഉത്തമ ഉദാഹരണം. ഓർമകളെല്ലാം ഈ വീടിനെ ചുറ്റിപ്പറ്റിയാണ്... പുതിയ വീട് പണിയാതിരിക്കാൻ ഡോ. ലിജോയ്ക്കും ഭാര്യ ഡോ. ലിജിയയ്ക്കും ഈ കാരണങ്ങൾ തന്നെ ധാരാളം. പക്ഷേ, ബന്ധുക്കൾ വിട്ടില്ല. പഴയ വീടിന്റെ സൗകര്യം കുറഞ്ഞപ്പോൾ ബന്ധുക്കളെല്ലാം പുതിയ വീട് പണിയാൻ ഉപദേശിച്ചു. എന്നാൽ കുടുംബത്തിലെ ഏക ആൺതരി എന്ന നിലയ്ക്ക് തറവാട് വീട് നിലനിർത്തേണ്ടത് തന്റെ കടമയാണെന്ന് ലിജോ വിശ്വസിച്ചു. പഴമയെ സ്നേഹിക്കുന്ന ലിജിയയ്ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല.അമ്മയും പിതാവിന്റെ സഹോദരനും സഹോദരിയും ഇവരോടൊപ്പമാണ് താമസം. മുറികൾ കുറവായതിനാൽ ലിജോയും കുടുംബവും വീടിനോടു ചേർന്നുള്ള ഔട്ട്ഹൗസിലായിരുന്നു താമസം. ഭക്ഷണം കഴിക്കാൻ തറവാട്ടിലേക്കെത്തും. ഇതു ബുദ്ധിമുട്ടായി മാറിയപ്പോഴാണ് വീടു പുതുക്കിപ്പണിയാൻ ആലോചിക്കുന്നത്. 1927ലാണ് വീടുപണിതത്. പണിത വർഷം വീടിന്റെ മുഖപ്പിൽ കൊത്തിവച്ചിട്ടുണ്ട്. വീടിന്റെ ഇന്റീരിയർ ഡിസൈനിങ് ചെയ്തത് ആർക്കിടെക്ട് ദമ്പതികളായ ജോസഫും റോസുമാണ്. ഇവരിലേക്ക് വീട്ടുകാർ എത്തുന്നതും വളരെ യാദൃച്ഛികമായാണ്. എറണാകുളത്തെ ഒരു കടയിൽ കയറിയപ്പോൾ ലിജിയയ്ക്ക് അതിന്റെ ഇന്റീരിയർ വളരെ ഇഷ്ടമായി. ഉടൻ തന്നെ കടയുടമയോട് ആർക്കിടെക്ടിനെക്കുറിച്ച് അന്വേഷിച്ചു. അങ്ങനെ ഈ ആർക്കിടെക്ട് ദമ്പതികളെ കണ്ടുമുട്ടി. സംസാരിച്ചപ്പോൾ ലിജിയയ്ക്കും റോസിനുമിടയിൽ നല്ല ആശയപ്പൊരുത്തം ഉണ്ടെന്നു മനസ്സിലായി. അതോടെ വീട് ജോസഫിനെയും റോസിനെയും ഏൽപ്പിച്ചു.
എക്സ്റ്റീരിയർ:
എക്സ്റ്റീരിയർ സ്ട്രക്ചറിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയതായി കൂട്ടിച്ചേർത്ത ഭാഗം വന്നപ്പോഴുള്ള വ്യത്യാസം മാത്രമേയുള്ളു. വീടിന്റെ മുൻഭാഗത്തുനിന്നു മാത്രമല്ല പുതിയതായി കൂട്ടിച്ചേർത്ത ഭാഗത്തുനിന്നും വീടിനുള്ളിലേക്കു പ്രവേശിക്കാം. പുതിയ വാതിലിലൂടെ നേരെ പുതുമയിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പഴയ വാതിലിലൂടെ നേരെ പഴമയിലേക്കു പദമൂന്നാം. വീടിന്റെ ഇരുവശങ്ങളിലും വരാന്തയുണ്ട്.മേൽക്കൂരയിൽ പാകിയ തടി ന്യൂജനറേഷനായപ്പോൾ വീടിന്റെ ലുക്ക് തന്നെ മാറിയെന്നാണ് വീട്ടുകാർ പറയുന്നത്. മേൽക്കൂരയിലെ തടി വെറുതെ ചുരണ്ടി നോക്കിയപ്പോഴാണ് അതു പെയിന്റ് അടിച്ചിരിക്കുന്നതാണെന്നും നല്ല തേക്കിൻതടിയാണെന്നും മനസ്സിലായത്. വീടിന്റെ മേൽക്കൂര മുഴുവൻ അഴിച്ചെടുത്ത് നമ്പറിട്ട് മാറ്റിവച്ച് പെയിന്റ് മുഴുവൻ ചുരണ്ടിക്കളഞ്ഞ് പോളിഷ് ചെയ്ത് വീണ്ടും പിടിപ്പിച്ചു. തടിപ്പണിയേറ്റെടുത്ത എറണാകുളത്തുകാരൻ ജോൺസന്റെ മിടുക്കുകൊണ്ടാണ് ഇതു സാധ്യമായതെന്ന് ലിജോയും ലിജിയയും പറയുന്നു. അത്രയ്ക്ക് ബുദ്ധിമുട്ടേറിയ ജോലിയായിരുന്നു.
ഫ്ളോറിങ്, പ്ലംബിങ്, വയറിങ് എന്നിവയെല്ലാം മുഴുവനായും മാറ്റി. പഴയ തറയോട് മാറ്റി പ്രകൃതിദത്തമായ കോട്ടാ സ്റ്റോൺ ഇട്ടു. വീടിനു മുന്നിലുള്ള മണിച്ചിത്രത്താഴുള്ള വാതിലിലൂടെയാണ് പഴയ തെക്കിനിയിലേക്ക് പ്രവേശിച്ചിരുന്നത്. അത് ലിജോയുടെ മുത്തച്ഛന്റെ മുറിയായിരുന്നു. പിന്നീടത് ലിവിങ് റൂം ആയി ഉപയോഗിച്ചുവന്നു. അതിപ്പോൾ ഗെസ്റ്റ് ബെഡ്റൂമാക്കി. മുറിയോടു ചേർന്നുള്ള ബാത്റൂം ആധുനികരീതിയിലൊരുക്കി. വീടിനുള്ളിൽ അമിതാഡംബരത്തിന് ശ്രമിച്ചിട്ടില്ല. പുതിയതായി കൂട്ടിയെടുത്ത ബെഡ്റൂമിലെ വാഡ്രോബുകളൊഴിച്ചാൽ ഫർണിച്ചറെല്ലാം പഴയതാണ്.ഫർണിച്ചർ:
പഴയ മേശയും കസേരകളുമെല്ലാം പോളിഷ് ചെയ്തും അപ്ഹോൾസ്റ്ററി ചെയ്തും കുട്ടപ്പൻമാരാക്കി. കൈയുംകാലും പോയി ഉപേക്ഷിച്ചിരുന്ന ഫർണിച്ചറെല്ലാം നന്നാക്കിയെടുത്തു. ബാക്കിവന്ന പഴയ ജനലിന്റെ ഷട്ടറുകളെല്ലാം കബോർഡിന്റെ വാതിലുകളാക്കി മാറ്റി. വാക്കിങ് സ്റ്റിക്, ഉപ്പുമാങ്ങാ ഭരണി, പഴയ കാൽപെട്ടികൾ തുടങ്ങിയവയെല്ലാം ഇന്റീരിയർ അലങ്കരിക്കാൻ ഉപയോഗിച്ചു.ഷോപ്പിങ്ങിനിറങ്ങുമ്പോൾ ഇഷ്ടം തോന്നുന്ന സാധനങ്ങൾ എന്നെങ്കിലും വീടുപുതുക്കുമ്പോൾ അലങ്കരിക്കാനായി വാങ്ങിവയ്ക്കുന്ന സ്വഭാവം ലിജിയയ്ക്കുണ്ടായിരുന്നു. പെയിന്റിങ്ങുകളും ഇന്റീരിയർ അലങ്കാരങ്ങളുമെല്ലാം ഇങ്ങനെ വർഷങ്ങളായി വാങ്ങിവച്ചിരുന്നവയാണ്.
കിടപ്പുമുറിയും ലിവിങ് റൂമും:
തെക്കിനിയിൽ നിന്നിറങ്ങുന്ന ഇടനാഴിയിലാണ് അറയും നിലവറയും. അവ അതേപടി നിലനിർത്തി. ഇവിടെ നിന്ന് പഴയ കിടപ്പുമുറിയിലേക്ക് കയറാം. ആ മുറി ഇപ്പോൾ ലിവിങ് റൂമാക്കി മാറ്റി. ഇവിടത്തെ ചുവരിലെ തടിവാതിൽ തുറന്നാൽ മച്ചിലേക്കുള്ള പടികളായി. വയറിങ് മുകളിൽ കൂടിയാണ് ചെയ്തിരിക്കുന്നത്. ലിവിങ് റൂമിന്റെ മറ്റൊരു ചുവരിലുണ്ടായിരുന്ന ഓപനിങ് സ്ഥാനം മാറ്റി നൽകി. ലിവിങ് റൂമിന്റെ തൊട്ടടുത്തുള്ള മുറി ഒരു ലോബി പോലെയാക്കി.ഊണുമുറി:
പഴയ ഊണുമുറിയോടു ചേർന്നുള്ള മുറി കൂടിയെടുത്ത് ഊണുമുറിയുടെ വലുപ്പം കൂട്ടി ഒരുഭാഗം ഫാമിലി ലിവിങ് ഏരിയ ആക്കി. ഊണുമേശയുടെ മുകൾഭാഗം ഉപയോഗയോഗ്യമായിരുന്നില്ല. വീടുപണിയിൽ ബാക്കിവന്ന തേക്ക്, ഈട്ടി, മഹാഗണി, ആഞ്ഞിലി തുടങ്ങിയ പലതരം തടിക്കഷണങ്ങൾകൊണ്ട് മനോഹരമായ ഡിസൈനിൽ മേശയുടെ മുകൾഭാഗം ജോൺസൺ ഉണ്ടാക്കി നൽകി. ഡൈനിങ് ഏരിയയ്ക്കും ഫാമിലി ലിവിങ് ഏരിയയ്ക്കും ഇടയ്ക്കുള്ള ഭാഗം പഴയ അങ്കണമായിരുന്നു. അവിടെ സീലിങ്ങിൽ ഗ്ലാസ് ഇട്ടു. പഴയൊരു മുറി വാഷ് ഏരിയ ആക്കി മാറ്റി.
അടുക്കള:
അടുക്കളയിൽ ആധുനിക സൗകര്യങ്ങളേകി, ടൈലും മാറ്റി എന്നതൊഴിച്ചാൽ മറ്റു വ്യത്യാസങ്ങളൊന്നും വരുത്തിയില്ല. കൺട്രി ലുക്കിലാണ് അടുക്കള ഒരുക്കിയത്. ഫോൾസ് സീലിങ് ചെയ്തിട്ടില്ല. പഴയ ഓടിന്റെ അകം മാത്രം പെയിന്റ് ചെയ്തു. അടുക്കളയിൽനിന്ന് ചെറിയ ഓപനിങ് നൽകി ഫാമിലി ലിവിങ് ഏരിയയുമായി ബന്ധപ്പെടുത്തി. അപ്പോൾ പാചകം ചെയ്യുമ്പോൾ ടിവി കാണുകയുമാകാം. അടുക്കളയോടു ചേർന്നുള്ള പഴയ ‘ചാർത്ത്’ വർക് ഏരിയയാക്കി മാറ്റി പുകയടുപ്പും നൽകി. ഇവിടെ മേൽക്കൂരയിൽ ഓടിട്ടു.പുതിയ മുറികൾ:
വീടിന്റെ പുതിയ മുറികളെ പഴയ ഭാഗവുമായി വളരെ മനോഹരമായി കൂട്ടിയിണക്കിയിരിക്കുന്നു. നടുമുറ്റമാണ് പഴമയ്ക്കും പുതുമയ്ക്കും ഇടയ്ക്കുള്ള പാലം. നടുമുറ്റത്തിന്റെ ചുവരിൽ ക്ലാഡിങ് ചെയ്തിട്ടുണ്ട്. നടുമുറ്റത്തോടുചേർന്ന് പുതിയ ലിവിങ് റൂം. ഇതിനോടു ചേർന്നുള്ള ഫോയറിൽനിന്ന് പുതിയ മൂന്നു കിടപ്പുമുറികളിലേക്ക് പ്രവേശിക്കാം.
കോൺട്രാക്ടറും തടി, ഫ്ളോറിങ് തുടങ്ങി എല്ലാ വിഭാഗത്തിലെയും പണിക്കാരും വളരെ ആത്മാർഥമായി സഹകരിച്ചതുകൊണ്ട് വീടുപണിയെ ‘ടീം വർക്’ എന്നാണ് വീട്ടുകാർ വിശേഷിപ്പിക്കുന്നത്. രണ്ടുവർഷംകൊണ്ടാണ് പണി പൂർത്തിയാക്കിയത്.
ഭാവിയിൽ ഹോം സ്റ്റേ തുടങ്ങാനും ഇവർക്കു പദ്ധതിയുണ്ട്. നഷ്ടപ്പെട്ടു പോകുന്ന പൈതൃകം കാത്തുസൂക്ഷിക്കാനായി എന്നതിലാണ് വീട്ടുകാരുടെ സന്തോഷം. കാര്യം വീടുപണിക്കാലം ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും ഇപ്പോൾ വീട് കാണുമ്പോൾ ഉണ്ടാകുന്ന അഭിമാനം ചില്ലറയല്ലെന്ന് ലിജോയും ലിജിയയും പറയുമ്പോൾ അതു വിശ്വസിക്കാതിരിക്കാനാവില്ല. കാരണം, അവരുടെ കണ്ണുകളിൽ ആ സന്തോഷം പ്രതിഫലിക്കുന്നതു കാണാം.
Sqft: 6000
Place : ചേർത്തല
Architect: ജോസഫ് ടി. കള്ളിവയലിൽ, റോസ് തമ്പി
Owner: ഡോ. ലിജോ, നെയ്യാരപ്പള്ളിൽ

Wednesday 16 September 2015

കേരളീയ ഗ്രാമങ്ങൾ പണ്ടിങ്ങനെയായിരുന്നു... !!

അന്നമനട ∙ ഉത്രാടച്ചന്തയുടെ അലയൊലികളടങ്ങിയ കല്ലൂർച്ചന്തയുടെ ഓണസ്മൃതികൾക്ക് കാവലാളായി വിളക്കുകാലും സംഭാരത്തൊട്ടിയും . പതിറ്റാണ്ടുകൾക്കുമുമ്പ് ഗ്രാമീണകേരളത്തിന്റെ നിറവാർന്ന ഓണക്കാഴ്ചകളിലൊന്നായിരുന്നു ഗ്രാമച്ചന്തകൾ.
ഓണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കർഷകരും കച്ചവടക്കാരും കാളവണ്ടികളും തിങ്ങിനിറഞ്ഞ ചന്തകളായിരുന്നു അക്കാലത്തേത്. കൂടാതെ മൺപാത്രക്കാർ, കുട്ടയും വട്ടിയും മുറവുമെല്ലാം വിൽക്കാനെത്തുന്നവർ തുടങ്ങിയവർ ഇവിടെയെത്തും. ദൂരെദിക്കുകളിൽ നിന്ന് കാളവണ്ടിയിലും തലച്ചുമടായും എത്തുന്ന സാധനങ്ങൾ പുലർച്ചയ്ക്കു മുമ്പേ ചന്തയിൽ സ്ഥാനം പിടിക്കും. പുലർകാലത്തുതന്നെ ആവശ്യക്കാരെത്തിത്തുടങ്ങും.










പഴയ കല്ലൂർച്ചന്തയിൽ എത്തുന്നവർക്കു ദാഹം ശമിപ്പിക്കാനായി സംഭാരം ഒഴിച്ചുവച്ചിരുന്ന കൽത്തൊട്ടി.
രാത്രിയിലെത്തുന്നവർക്ക് വെളിച്ചത്തിനായി അക്കാലത്തെ ഭരണാധിപൻമാർ സ്ഥാപിച്ചതാണ് വിളക്കുകാലുകൾ. സന്ധ്യയ്ക്കു മുമ്പേ ഇവ കൊളുത്തി കണ്ണാടിക്കൂടുകൊണ്ട് മൂടും. പിന്നെ കാറ്റും മഴയുമൊന്നും പ്രശ്നമല്ല. ഇത്തരത്തിൽ അനേകം കാലുകൾ ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ദൂരെ ദിക്കുകളിൽ നിന്നു നടന്നെത്തുന്നവർക്ക് ദാഹമകറ്റാൻ കൽത്തൊട്ടി നിറയെ സംഭാരവുമുണ്ടാകും. ഇത് ആവോളം മുക്കിക്കുടിക്കാം. അമ്പതുകൊല്ലം മുൻപു വരെ ചന്ത പ്രവർത്തിച്ചിരുന്നതായി പഴമക്കാർ പറയുന്നു.
പഴയ കല്ലൂർ ചന്തയിൽ ഉപയോഗിച്ചിരുന്ന വിളക്കുമാടം.



Monday 14 September 2015

വെളുത്തേടത്ത് തരണനെല്ലൂര്‍ മന !!


കിഴുപ്പിള്ളിക്കര: തൃപ്രയാര്‍ ശ്രീരാമസ്വാമി (തേവര്‍) എഴുന്നള്ളിയെത്തുന്ന തന്ത്രിയില്ലം വെളുത്തേടത്ത് തരണനെല്ലൂര്‍ മന (പടിഞ്ഞാറെ മന) ഇന്നും പ്രതാപത്തിന്റെ നെറുകയിലാണ്.
ആറാട്ടുപുഴ ദേവസംഗമത്തില്‍ നെടുനായകത്വം വഹിക്കാനാണ് തേവര്‍ പോകുന്നത്. 

മനയുടെ പൂമുഖം അഴിമാവ് കടവ് റോഡില്‍ നിന്നാല്‍ കാണാവുന്ന രീതിയിലാണ്. തേവരെക്കാള്‍ ഉയരത്തില്‍ നിന്ന് തേവരെ നോക്കി കാണേണ്ട എന്നുവെച്ച് ഈ പ്രദക്ഷിണ വഴിയിലെ വീടുകള്‍ക്കൊന്നും രണ്ടാം നിലയില്ലെന്നതും യാദൃഛികം. മനയ്ക്കാണെങ്കില്‍ പടിപ്പുരയില്ല. എട്ടുകെട്ടിലുള്ള മനയ്ക്ക് രണ്ടാം നിലയില്ല. മന പഴയ പ്രതാപം നിലനിര്‍ത്തി നവീകരിച്ചിട്ടുണ്ട്.

മൂന്ന് കൊമ്പന്‍മാരുടെ അകമ്പടിയോടെ മേളത്തോടെ എത്തുന്ന തേവരെ തെക്കിനിയിലാണ് ഇറക്കി പൂജിയ്ക്കുക. ഇതിനായി സമീപത്തെ ശ്രീലകത്തെ കെടാവിളക്കില്‍ നിന്നും ദീപം കൊണ്ടുവരും. കിഴക്കിനിയിലും പടിഞ്ഞാറ്റിനിയിലും വടക്കിനിയിലും നിന്നാല്‍ ഭക്തര്‍ക്ക് തേവരെ കാണാം. പഴയ തച്ചുശാസ്ത്രമനുസരിച്ച് തേക്കിന്റെയും ഇരുമുള്ളിന്റെയും ലക്ഷണമൊത്ത മരങ്ങള്‍കൊണ്ടാണ് തൂണുകളും ഉത്തരങ്ങളും നിര്‍മ്മിച്ച് ഈ ഭാഗം കമനീയമാക്കിയിട്ടുള്ളത്. 5800 മീറ്റര്‍ ചതുരശ്ര അടിയാണ് ഇല്ലത്തിന്റെ വിസ്തൃതി. തേവരോടൊപ്പം എത്തുന്നവര്‍ക്കും ഭക്തര്‍ക്കും പ്രസാദ ഊട്ടിനായി 200 പേര്‍ക്കിരിക്കാവുന്ന സ്ഥിരം ഊട്ടുപുര മനയിലുണ്ട്.

തരണനെല്ലൂര്‍ മനയിലെ കാരണശ്രേഷ്ഠന്മാര്‍ ഇവിടെ പ്രതിഷ്ഠിച്ചത് അഷ്ടനാഗ ഗണത്തില്‍പ്പെടുന്ന നാഗങ്ങളടക്കം 12 നാഗങ്ങളെയാണ്. ജൈവ സമ്പത്തുള്ള ഈ പ്രദേശത്തെ വലിയ നാഗക്കാവ് ഇന്നും ഇല്ലത്തിന് മുതല്‍കൂട്ടാണ്. ഭൂപ്രകൃതിയനുസരിച്ച് താന്ത്രിക കര്‍മ്മം ചെയ്യുന്ന ക്ഷേത്രങ്ങള്‍ നാലായി തിരിച്ചെങ്കിലും 432 ക്ഷേത്രങ്ങളിലെ കാര്‍മ്മികത്വം ഈ ഇല്ലത്തിനാണ്. പ്രമുഖ 12 വേട്ടേയ്ക്കരന്‍ ക്ഷേത്രങ്ങളിലൊന്ന് ഈ ഇല്ലത്തോട് ചേര്‍ന്നാണ്. ഇല്ലത്തിനു കീഴില്‍ നാരായണമംഗലം ഭഗവതി ക്ഷേത്രമുണ്ട്. മനയിലെ കാരണവരായ തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിയാണ് താന്ത്രിക കര്‍മ്മങ്ങള്‍ ചെയ്യുന്നത്. അഷ്ടമംഗല തട്ടടക്കും മനയിലുണ്ടാകേണ്ട പൂര്‍വ്വീകരുടെ ആവണിപ്പലകയും വാല്‍ക്കണ്ണാടിയുമൊക്കെ സൂക്ഷിച്ചിട്ടുണ്ട്.

പ്രൗഢിയില്‍ കാട്ടകാമ്പാല്‍ പെരുമ്പുള്ളി മന !!


കാട്ടകാമ്പാല്‍: 'തോണി എത്തേണ്ടത് കാട്ടകാമ്പാല്‍ കടവില്‍. കടവിറങ്ങിയാല്‍ പെരുമ്പിള്ളി ഇല്ലമായി. കടവ് കടന്നുവരുന്ന വഴി പോക്കര്‍ എത്രയായാലും അവരെ സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യും പെരുമ്പിള്ളിക്കാര്‍. വലിയ പ്രഭു കുടുംബം...' ദേവകി നിലയംകോടിന്റെ 'കാലപ്പകര്‍ച്ചകള്‍' എന്ന നോവലില്‍ പെരുമ്പുള്ളി മനയെക്കുറിച്ച് പ്രതിപാദിക്കുന്നതിങ്ങനെയാണ്. നാനൂറ് വര്‍ഷത്തിലധികം പഴക്കമുള്ള മന കാട്ടകാമ്പാല്‍ ഭഗവതീക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലാണ്. ഇന്നും ചരിത്രത്തിന്റെ തുടിപ്പുകളുമായി.

'ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മഞ്ചേരിയില്‍നിന്ന് കാട്ടകാമ്പാലിലെത്തിയ നമ്പൂതിരി കുടുംബമാണ് എട്ടുകെട്ടുള്ള മന പണിതുയര്‍ത്തിയത്. 3,500 ഓളം ചതുരശ്ര അടിയുള്ള മനയ്ക്ക് ഓലയാണ് മേഞ്ഞിരുന്നത്. കൃഷിയില്‍ താത്പര്യമുള്ള നമ്പൂതിരി കുടുംബത്തിന്റെ അധീനതയിലായിരുന്നു കാട്ടകാമ്പാല്‍ പഞ്ചായത്തിന്റെ പകുതിയിലധികവും ഭൂമിയും' എട്ടാം തലമുറയില്‍പ്പെട്ട നമ്പൂതിരി കുടുംബത്തിന്റെ കാരണവരായ കൃഷ്ണന്‍ നമ്പൂതിരി ഓര്‍മ്മകള്‍ പങ്കു വെയ്ക്കുന്നു. 

നാല് അറപ്പുരകളാണ് മനയ്ക്കുണ്ടായിരുന്നത്. കൂടാതെ വലിയ പത്തായപ്പുരയും. കൊയ്‌തെടുക്കുന്ന നെല്ലുകളാണ് അറപ്പുരകളില്‍ സൂക്ഷിക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായി പത്തായപ്പുരയും നീക്കിവെച്ചു. കൃഷ്ണന്‍ നമ്പൂതിരിയുടെ അനുജന്‍ രവികുമാര്‍ ആണ് പത്തായപ്പുരയില്‍ താമസിക്കുന്നത്. പതിനഞ്ച് അംഗങ്ങള്‍ ഉള്ള നിലവിലെ തലമുറയ്ക്ക് താമസിക്കാനായി പെരുമ്പുള്ളി മനയൊന്ന് പുതുക്കി. പത്തായപ്പുരയുടെ പ്രൗഢിയും തനിമയും നിലനിര്‍ത്തി അതിനോടു ചേര്‍ന്ന് രണ്ട് പുരകളും നിര്‍മ്മിച്ചു. 1990 ലാണ് ചെറിയ നവീകരണങ്ങള്‍ വേണ്ടി വന്നത്.

ദൃശ്യഭംഗിയുള്ള പെരുമ്പുള്ളി മനയാണ് വീണപൂവ്, അഷ്ടപദി, സമുദായം എന്നീ സിനിമകളുടെ പ്രധാന ലൊക്കേഷനായത്. അടയ്ക്കയും തെങ്ങും വാഴകളും നിറഞ്ഞ് ഏഴ് ഏക്കറോളം വരുന്ന മനയ്ക്ക് രണ്ട് വലിയ കുളങ്ങളുണ്ട്. കൂടാതെ ചെറുകുളങ്ങളും. പതിമൂന്നേക്കര്‍ പാടശേഖരം പാട്ടത്തിന് കൊടുത്തിരിക്കുന്നു. പൂര്‍വപിതാമഹന്മാര്‍ പകര്‍ന്നു നല്‍കിയ ദൈവികത്വം കെടാതെ സൂക്ഷിക്കുന്ന മനയില്‍ ആട്ടുകട്ടില്‍, ഒറ്റത്തടിയില്‍ തീര്‍ത്ത കട്ടിലുകള്‍, വെള്ളികെട്ടിയ നടപ്പുവടികള്‍ എല്ലാം പുതുമയോടെ പുതുതലമുറ സൂക്ഷിക്കുന്നു.