കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Friday 25 September 2015

മന്ത്ര–തന്ത്ര മുഖരിതമായി കരകന്നൂർ വടക്കേടത്ത് മന !!

പെരുമ്പിലാവ് ∙ നവരനെല്ല്, മുക്കുറ്റി, കറുക, കൂവള, ചമത എന്നിവ ഉപയോഗിച്ച് ദിവസവും നടത്തുന്ന ഗണപതിഹോമത്തിന്റെ സുഗന്ധം പോർക്കുളം കരകന്നൂർ വടക്കേടത്ത് മനയ്ക്കുള്ളിലേക്കു നമ്മെ വിളിച്ചു കയറ്റുന്നു. എട്ട് എക്കറിലെ വിസ്തൃതമായ മനപ്പറമ്പിന് നടുവിലുള്ള മന പകരുന്നതു താന്ത്രിക– മാന്ത്രിക പാരമ്പര്യത്തിന്റെ മായാക്കാഴ്ചകൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള മരത്തടിയിൽ പണിത ജനവാതിലുകൾ വഴി നല്ല വായുവും വെളിച്ചവും മനയ്ക്കുള്ളിൽ നിറയുന്നു. പരദേവത ക്ഷേത്രത്തിലേക്കുള്ള പ്രവേശനഭാഗം മരം ഉപയോഗിച്ചു ശിൽപചാരുത വരുത്തിയിരിക്കുന്നു. കാർഷിക സമൃദ്ധിയുടെ തെളിവായി ഒട്ടേറെ പത്തായപ്പുരകൾ. മനയോടു ചേർന്ന് വലിയ പടിപ്പുര. സമീപത്ത് കുളിക്കാൻ വിശാലമായ കുളം. ഇവിടെ സൂര്യനമസ്കാരം നടത്തുന്നതിനുള്ള പ്രത്യേക കല്ല്. ഇങ്ങനെ നീളുന്നു മനയിലെ കാഴ്ചകൾ.

കടവല്ലൂർ അന്യോന്യത്തിൽ പാണ്ഡിത്യം തെളിയിച്ച വേദപണ്ഡിതരുടെ തറവാടായിരുന്നു ഇത്. ഋഗ്വേദത്തിൽ അഗാധ അറിവുണ്ടായിരുന്നു മുത്തച്ഛൻ നാരായണൻ നമ്പൂതിരിപ്പാടിന്. പിൻതലമുറക്കാരിലേക്ക് അദ്ദേഹം വേദോപാസനയ്ക്കുള്ള അറിവ് പകർന്നു നൽകി. ഇപ്പോഴത്തെ കാരണവരുടെ പിതാവ് ഭവദാസൻ നമ്പൂതിരി താന്ത്രിക പൂജകളിൽ പ്രസിദ്ധനായിരുന്നു. പുതിയ തലമുറയും താന്ത്രിക വിദ്യയിൽ പേരെടുത്തു. ഇപ്പോൾ ഇൗ മനയിലെ നമ്പൂതിരിമാർ കക്കാട് മഹാഗണപതി ക്ഷേത്രം, കാട്ടാകാമ്പാൽ ഭഗവതി ക്ഷേത്രം, അക്കിക്കാവ് ഭഗവതി ക്ഷേത്രം , തലക്കോട്ടുകര ശിവ ക്ഷേത്രം തുടങ്ങി അമ്പതിലധികം ക്ഷേത്രങ്ങളിലെ തന്ത്രിമാരാണ്. മറ്റു സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളും തലപ്പിള്ളി രാജവംശത്തിന് കീഴിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങളും ഇവയിൽ ഉൾപ്പെടും. ഇവർ ഉൗരാളരും തന്ത്രിയുമായ വേദക്കാട് ദേവി ക്ഷേത്രം മനയ്ക്കടുത്തു തന്നെയാണ്. നേരത്തെ ഗജസമ്പത്തുണ്ടായിരുന്ന ഇൗ മനയിൽ ഇപ്പോഴും രോഗശാന്തിക്ക് ആനകളെ കൊണ്ടുവരാറുണ്ട്. മേൽപുത്തൂർ അടക്കമുള്ള പണ്ഡിതർ വടക്കേടത്ത് മനയിലെ സന്ദർശകരായിരുന്നു എന്നതും കരകന്നൂർ വടക്കേടത്തു മനയ്ക്ക് അവകാശപ്പെട്ട ചരിത്രം.
നാരായണൻ നമ്പൂതിരി. ഭാര്യ സൗമ്യ. സഹോദരൻ വാസുദേവൻ നമ്പൂതിരി, ഭാര്യ ഭദ്ര മറ്റു സഹോദരങ്ങളായ ഭവദാസൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ചെറിയമ്മ സുമതി, മക്കളായ വൈഷ്ണവി, ജിഷ്ണു എന്നിവരാണ് മനയിലെ ഇപ്പോഴത്തെ താമസക്കാർ.
(COURTESY: MANORAMA )

No comments:

Post a Comment