മാള ∙ തുഞ്ചന്റെ തത്തയ്ക്കു മുൻപേ തത്തകൾ കാവ്യം ആലപിച്ച കുണ്ടൂർ കരിങ്ങമ്പിള്ളി സ്വരൂപം ഇന്നും പൗരാണികതയുടെ മാറ്റ് തെല്ലും കുറയാതെ കുണ്ടൂരിൽ തലയുയർത്തി നിൽക്കുന്നു. കാളിദാസന്റെ മേഘസന്ദേശത്തിന്റെ മാസ്മരികതയെ സ്വാംശീകരിച്ച് ഏഴു നൂറ്റാണ്ട് മുമ്പു ‘ശുകസന്ദേശം’ എന്ന സന്ദേശകാവ്യം രചിച്ച ലക്ഷ്മീദാസൻ എന്ന മഹാപണ്ഡിതനു ജന്മം നൽകിയ ഗൃഹത്തിനു പഴമ എത്രയെന്ന് അളക്കാനാവാത്ത വിധമുള്ള പ്രൗഢി.
സ്വരൂപത്തിന്റെ രൂപം നഷ്ടപ്പെടാതെ അടുത്ത കാലത്ത് ഇല്ലം പുതുക്കിപ്പണിത ഇപ്പോഴത്തെ ഗൃഹനാഥനായ പരമേശ്വരൻ നമ്പൂതിരി (കുട്ടൻ) മഹിത പാരമ്പര്യത്തോട് ആത്മബന്ധം കാണിക്കുകയായിരുന്നു. പരശുരാമൻ സ്ഥാപിച്ച 32 ഗ്രാമങ്ങളിൽ ഐരാണിക്കുളം ഗ്രാമത്തിന്റെ ദേശാധികാരികൾ ആയിരുന്നു കരിങ്ങമ്പിള്ളി സ്വരൂപക്കാർ.
സാഹിത്യരംഗത്തു മാത്രമല്ല പ്രാചീന കേരളീയ സാംസ്കാരിക സാമൂഹിക ചരിത്രത്തിലും അദ്വിതീയ സ്ഥാനമാണു സ്വരൂപത്തിനുള്ളത്. 550 വർഷം പഴക്കമുള്ള ഐരാണിക്കുളം ക്ഷേത്രത്തിലെ ഗ്രന്ഥവരിയോലകളിൽ കരിങ്ങമ്പിള്ളി സ്വരൂപത്തിന്റെ അവകാശാധികാരത്തെക്കുറിച്ചു പരാമർശമുണ്ട്.
പെരുമ്പടപ്പ് രാജാവിന്റെ അധീനതയിലുണ്ടായിരുന്ന ഐരാണിക്കുളം ഗ്രാമത്തിന്റെ രക്ഷാപുരുഷ സ്ഥാനവും മഹാരാജാവിന്റെ അസാന്നിധ്യത്തിൽ ആ ചുമതലകൾ നിർവഹിക്കാനുമുള്ള അധികാരവും കരിങ്ങമ്പിള്ളി സ്വരൂപത്തിനു നൽകിയിട്ടുണ്ടത്രേ. കോട്ടയം ജില്ലയിലെ വെമ്പള്ളി മുതൽ പാലക്കാട് ജില്ലയിലെ മണപ്പാടം വരെയുള്ള 14 ദേശവഴികളും 14 ക്ഷേത്രങ്ങളും കരിങ്ങമ്പിള്ളി സ്വരൂപത്തിന്റെ അധീനതയിലായിരുന്നു.
അതിപ്രാചീന കാലത്തു കോമല ഇല്ലമായി അറിയപ്പെടുമ്പോൾ വേദപഠന കേന്ദ്രമായി ആയിരുന്നു പ്രശസ്തി. അന്യദേശങ്ങളിൽനിന്നു പോലും വിദ്യാർഥികൾ ഇവിടെ പഠനത്തിന് എത്തിയിരുന്നതായും പ്രാചീന രേഖകൾ സൂചിപ്പിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ഇവിടെ ജീവിച്ചിരുന്ന നാരായണൻ നമ്പൂതിരിയാണു മലയാളത്തിലെ പ്രഥമ സന്ദേശകാവ്യമായ ശുകസന്ദേശം എഴുതിയ ലക്ഷ്മീദാസനെന്ന് ഉള്ളൂർ എസ്. പരമേശ്വര അയ്യർ പറയുന്നു.
പാഠശാലയ്ക്കു പിന്നീടു തിരുവിതാംകൂർ, കൊച്ചി രാജാക്കൻമാർ ഭൂമിയും വേണ്ട സഹായങ്ങളും ദാനം ചെയ്യുകയും അധികാരങ്ങളും നൽകുകയും ചെയ്തതോടെയാണ് ഇല്ലം കരിങ്ങമ്പിള്ളി സ്വരൂപം എന്നറിയപ്പെടാൻ തുടങ്ങിയത്. സംസ്കൃത പഠനത്തിലെ കുണ്ടൂർ ശൈലി എന്നാണ് ഇവിടത്തെ പാഠ്യക്രമം അറിയപ്പെട്ടിരുന്നത്.
കൊല്ലവർഷം 967 വരെ ഈ ഗുരുകുലം പ്രവർത്തിച്ചിരുന്നു. കൊല്ലവർഷം 1099ൽ അതായത് ഏതാണ്ട് ഒരു നൂറ്റാണ്ടു മുൻപുണ്ടായ വലിയ വെള്ളപ്പൊക്കത്തിൽ ഇല്ലത്തിനു ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഇല്ലം പിന്നീടു പുതുക്കി പണിതിരുന്നു. പ്രാചീന ഇല്ലങ്ങളുടെ സവിശേഷതകൾ ഉൾക്കൊള്ളുന്ന തറവാടാണിത്.
ആകാരവിശാലത ഏറെ ഇല്ലെങ്കിലും നിർമാണം പഴയ തച്ചുശാസ്ത്ര രീതി അനുസരിച്ചു തന്നെയാണ്. നടുമുറ്റത്തോടുകൂടിയ നാലുകെട്ടാണ് ഇല്ലം. സാധാരണയിൽനിന്നു വ്യത്യസ്തമായി ആറു കരിങ്കൽ തൂണുകളാണു നടുമുറ്റത്തിനു ചുറ്റം.
കൂടാതെ കിഴക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി, തെക്കിനി തുടങ്ങിയ മുറികളും ഉണ്ട്. ഇപ്പോഴത്തെ ഗൃഹസ്ഥനായ പരമേശ്വരൻ നമ്പൂതിരി അടുത്ത കാലത്ത് ഇല്ലം ചെറിയ തോതിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പഴമയുടെ പ്രൗഢിക്കു തെല്ലും കോട്ടം തട്ടിയിട്ടില്ല. ഏതു കൊടും വേനലിലും അകത്തളങ്ങളിൽ നല്ല തണുപ്പാണെന്നു വീട്ടുകാർ പറയുന്നു.

കരിങ്ങമ്പിള്ളി സ്വരൂപത്തിന്റെ പ്രത്യേകതകൾ
∙ ഏഴു നൂറ്റാണ്ട് മുമ്പു ‘ശുകസന്ദേശം’ എന്ന സന്ദേശകാവ്യം രചിച്ച ലക്ഷ്മീദാസൻ പിറന്നത് ഇവിടെ.
∙ മനയ്ക്ക് കൊച്ചി രാജാവ് ദേശഭരണാധികാരം നൽകി.
∙ പരശുരാമൻ സ്ഥാപിച്ച 32 ഗ്രാമങ്ങളിൽ ഐരാണിക്കുളം ഗ്രാമത്തിന്റെ ദേശാധികാരികൾ ആയിരുന്നു കരിങ്ങമ്പിള്ളി സ്വരൂപക്കാർ.
∙ സംസ്കൃത പഠനത്തിലെ കുണ്ടൂർ ശൈലി രൂപപ്പെട്ടത് ഇവിടെ.
∙ കൊല്ലവർഷം 1099ലെ മാഹാപ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചെങ്കിലും നവീകരിച്ചു.
No comments:
Post a Comment