കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Friday 25 September 2015

പുഴപറഞ്ഞു, ഇതാ നെടുമ്പ മന... !!

തൃശൂർ ∙ ചാലക്കുടിപ്പുഴ പറയും, നെടുമ്പമനയുടെ ചരിത്രം. കരകവിഞ്ഞൊഴുകിയ പ്രളയജലത്തെ അതിജീവിക്കാൻ ഉമ്മറത്തോടു ചേർത്തു കൊതുമ്പുവള്ളം കെട്ടിയ കാരണവരുടെ കഥ, ആ കൊതുമ്പുവള്ളത്തിൽ കയറി 25 വർഷം പുഴകടന്നു പൂജ നടത്താൻ പോയ കഥ, ഓളങ്ങൾ വഞ്ചിമറിക്കാനൊരുങ്ങുമ്പോൾ ഓലക്കുട കാലിന്റെ പെരുവിരലിൽ താങ്ങി കൈകൾ തുഴയാക്കിയ കഥ... ചാലക്കുടിപ്പുഴയുടെ കഴിഞ്ഞ 125 വർഷത്തെ ചരിത്രം തന്നെയാണ് നെടുമ്പ മനയുടെ ചരിത്രം.
പുഴയിലെ ഓളങ്ങളെ കീറിമുറിച്ച് ഒരു കൊതുമ്പുവള്ളത്തിലേറി പുഴയ്ക്കരെയുള്ള വേലൂർ കാലടി ശിവക്ഷേത്രത്തിൽ 25 വർഷക്കാലം പൂജ നടത്തിയ ആ കാരണവർ ഇവിടെത്തന്നെയുണ്ട്, എൻ.എൻ. ശങ്കരൻ നമ്പൂതിരി.
ചാലക്കുടിപ്പുഴയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന മനയിൽ മൂന്നു ദശാബ്ദങ്ങൾക്കു മുൻപു വരെ വർഷകാലത്തെ നിത്യ സന്ദർശകയായിരുന്നു ചാലക്കുടിപ്പുഴ. കര കവിഞ്ഞൊഴുകിയ ചാലക്കുടി പുഴ തഴുകാത്ത തൂണുകളൊന്നു പോലും നെടുമ്പ മനയുടെ താഴത്തെ നിലയിൽ ഉണ്ടാകില്ല.
തറവാട്ടു വഞ്ചിയിലായിരുന്നു അക്കാലത്തു മനയിലെ നിവാസികൾ സഞ്ചരിച്ചിരുന്നത്. ഉമ്മറത്തിനു സമീപം കെട്ടിയിട്ടിരുന്ന കൊതുമ്പു വള്ളത്തിലേറിയുള്ള യാത്രകൾ എണ്ണിയാൽ ഒടുങ്ങില്ലെന്നു ശങ്കരൻ നമ്പൂതിരി ഓർക്കുന്നു. നിലവിൽ നാൽപതോളം ക്ഷേത്രങ്ങളിലെ തന്ത്രിയാണ് ശങ്കരൻ നമ്പൂതിരി.
നെടുമ്പ മനയിൽ നിന്നു നാലു കിലോമീറ്ററോളം അകലെയാണ് ഇവിടത്തെ പൂർവികർ വസിച്ചിരുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് ഇവർ തിരുവനന്തപുരത്തേക്കു പലായനം ചെയ്തു. പടയോട്ടം അവസാനിച്ചപ്പോഴേക്കും നെടുമ്പ വക സ്ഥലം അന്യർ കയ്യേറിയിരുന്നു. ദാനധർമിഷ്ഠനായ കോടശ്ശേരി കർത്താവാണ് തിരിച്ചെത്തിയ നെടുമ്പയിലെ പൂർവികർക്ക് ഇപ്പോഴത്തെ സ്ഥലം പതിച്ചു നൽകിയത്.
കൊച്ചി രാജാവു നേരിട്ടു കൽപ്പിച്ചു നൽകിയ തേക്കു തടി കൊണ്ടാണ് മനയുടെ കൂട്ട് തയാറാക്കിയിരിക്കുന്നത്. നെടുമ്പയിലെ നാലുകെട്ടിൽ വരാഹമൂർത്തിയെയാണ് ഉപാസിക്കുന്നത്.പുഴയുമായുള്ള അടുത്ത ബന്ധം ശങ്കരൻ നമ്പൂതിരി അനുസ്മരിച്ചു.
പൂർവികർ ആരോ വരപ്പിച്ച ആനയുടെ ചിത്രം മനയുടെ ചുമരിൽ
പൂർവികർ ആരോ വരപ്പിച്ച ആനയുടെ ചിത്രം മനയുടെ ചുമരിൽ.
കാലവർഷം കോരിച്ചൊരിയുമ്പോൾ വലതു കാലിലെ പെരുവിരലിനിടെ ഉറപ്പിച്ചു നിർത്തിയ ഓലക്കുടയാണ് ചാലക്കുടി പുഴയിലൂടെയുള്ള കൊതുമ്പുവള്ളത്തിലെ യാത്രയ്ക്കു തനിക്കു തുണയുണ്ടായിരുന്നതെന്നു ശങ്കരൻ നമ്പൂതിരി പറയുന്നു. കഷ്ടിച്ച് ഒരാൾക്കു മാത്രം ഇരിക്കാവുന്ന കൊതുമ്പു വള്ളത്തിൽ കൂനിക്കൂടി ഇരുന്ന് ഇരുകൈകൾ കൊണ്ടും ആഞ്ഞുതുഴഞ്ഞായിരുന്നു യാത്ര!
പങ്കായത്തിന്റെ ഭാരം കൂടിയാകുമ്പോൾ വഞ്ചി മറിയുമെന്നതിനാൽ തുഴച്ചിലിനു കൈകളല്ലാതെ മറ്റൊരാശ്രയമില്ല.ഇത്തരത്തിലുള്ള പല യാത്രകൾക്കിടയിലും വള്ളം മറിഞ്ഞിട്ടുണ്ടത്രേ! നീന്തലിലെ ബാലപാഠങ്ങളാണ് അപ്പോഴൊക്കെ ശങ്കരൻ നമ്പൂതിരിക്കു രക്ഷയായത്. മറിഞ്ഞ വഞ്ചിയിൽ പിടിച്ചുകിടന്ന ശങ്കരൻ നമ്പൂതിരിയെ കാഞ്ഞാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരിയാണ് കരയിൽ നിന്നു മറ്റൊരു വഞ്ചിയുമായെത്തി ഒരിക്കൽ രക്ഷിച്ചത്.
കനാലുകളും ജലവൈദ്യുത പദ്ധതിയും മുളച്ചുപൊങ്ങിയതോടെ ചാലക്കുടി പുഴയുടെ അലകൾക്ക് കരുത്തു കുറഞ്ഞു. ഒരിക്കൽ പ്രളയഭീതിയുയർത്തി കരകവിഞ്ഞൊഴുകിയിരുന്ന ചാലക്കുടിപ്പുഴ ഇന്ന് പമ്മിപ്പതുങ്ങിയാണ് ഒഴുകുന്നത്.
ചാലക്കുടിപ്പുഴയുടെ രൗദ്ര ഭാവത്തിന് പലവട്ടം സാക്ഷ്യം വഹിച്ച നെടുമ്പ മനയിൽ ശങ്കരൻ നമ്പൂതിരിക്കൊപ്പം മകൾ ആര്യ, മരുമകനായ നീലകണ്ഠൻ, ചെറുമക്കളായ രോഹിണി, രാഹുൽ എന്നിവരാണ് താമസം.
പ്രത്യേകതകൾ
∙ കൊച്ചി മഹാരാജാവ് നേരിട്ടു കൽപ്പിച്ചനുവദിച്ച തേക്കു തടി കൊണ്ടാണ് മനയുടെ കൂട്ട് തയാറാക്കിയിരിക്കുന്നത്
∙ വരാഹമൂർത്തിയാണ് ഉപാസന

No comments:

Post a Comment