കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Wednesday 1 February 2017

വിദേശസഞ്ചാരികൾ ഇവിടേക്ക് ഒഴുകുന്നതിനു ഒരു കാരണമുണ്ട് !!


മലയാളസിനിമ പരിചയപ്പെടുത്തിയ മനകളെല്ലാം നമ്മെ മോഹിപ്പിച്ചിട്ടുണ്ട്. മംഗലശേരി നീലകണ്ഠനെപ്പോലെ വിശാലമായ പൂമുഖത്ത് ചാരുകസേരയിലിരിക്കാൻ കൊതിച്ചവരാണ് ആണുങ്ങളായ സിനിമാപ്രേക്ഷകരെല്ലാം. കുളത്തിൽ മുങ്ങിനിവർന്ന് രണ്ട് തുളസിയില പിച്ചിയെടുത്ത് തലയിൽ ചൂടി ആ കിളിവാതിൽക്കൽ നിൽക്കാൻ മോഹിക്കാത്ത മലയാളി മങ്കമാരുണ്ടാകുമോ? ഇത്തരം സംഗതികളൊക്കെ സ്വന്തമായി ഇല്ലാതിരുന്നവർക്ക് മോഹം മാത്രമായിരിക്കും അവശേഷിച്ചിരിക്കുക. എന്നാൽ ഇന്നതല്ല കഥ. കാലത്തിനൊപ്പം മനകളും കോലം മാറി. ഹെറിറ്റേജ് റിസോർട്ടുകളായി വേഷം മാറിയ പല മനകളും കേരളത്തിന്റെ പ്രശസ്തി കടലിനക്കരെ എത്തിക്കുന്നു. ഗുരുവായൂർ പുന്നയൂർക്കുളത്തുള്ള കുന്നത്തൂർ മനയാണ് അവയിൽ പ്രമുഖം.


തലയുയർത്തി നിൽക്കുന്ന ഗജരാജനെ ഓർമിപ്പിക്കുന്നതാണ് മനയുടെ പുറംകാഴ്ച. മൂന്ന് നിലകളിലായി കിഴക്കോട്ട് ദർശനമുള്ള എട്ടുകെട്ട്. ചെങ്കല്ല് കെട്ടിയ മതിലും തുളസിത്തറയും മുറ്റവുമെല്ലാം മനയുടെ പ്രൗഢമായ പാരമ്പര്യം വിളിച്ചോതുന്നു. ചാരുപടിയോടുകൂടിയ നീണ്ട വരാന്ത. ഉള്ളിലേക്ക് കടക്കുന്ന വാതിലിനു മുകളിൽ പാലാഴി മഥനത്തിന്റെയും ഗജലക്ഷ്മിയുടെയും കൊത്തുപണികൾ. റിസപ്ഷനു സമീപത്തെ ചുവർചിത്രത്തിന് നൂറിലധികം വർഷം പഴക്കമുണ്ട്.



അണിയറ, പള്ളിയറ, മണിയറ, പൂൾവ്യൂ പള്ളിയറ എന്നിങ്ങനെ മുറികളെ നാലായി തിരിച്ചിരിക്കുന്നു. മനയിലും പുതുതായി പണിത പത്തായപ്പുരയിലുമായി 16 മുറികളാണ് അതിഥികൾക്കുള്ളത്. മനയുടെ പഴയ ഊണിടം പുതിയ റസ്റ്ററന്റായി രൂപാന്തരം പ്രാപിച്ചു. തടിമച്ചുകൾ മുഴുവനും അതേപോലെ സംരക്ഷിച്ചിട്ടുണ്ട്. സ്വിച്ച്ബോർഡുകൾ പോലും പഴയ ശൈലിയിലുള്ളവയാണ്.



ഗൃഹാതുരത്വമുണർത്തുന്ന കുളപ്പടവുകളും പുതുക്കിയെടുത്തു. പഞ്ചകർമ, ധാര തുടങ്ങിയ ചികിത്സാവിധികളടങ്ങിയ ആയുർവേദ ജീവിതരീതി പരിചയപ്പെടുത്താനായി മുഴുവൻ സജ്ജമായ ആയുർവേദ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്.സാഹിത്യകാരി മാധവിക്കുട്ടിയുടെ ഓർമയെഴുത്തുകളിൽ നാം കുന്നത്തൂർമനയെ വായിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചി രാജകുടുംബത്തിൽപ്പെട്ട ഏലിയങ്ങാട്ട് സ്വരൂപത്തിന്റേതായിരുന്നു മന. രൂപകൽപന ചെയ്തത് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനായിരുന്നു.



130 വർഷത്തിലധികം പഴക്കമുള്ള മന കാലാന്തരേ പൗരപ്രമുഖനായ പയ്യത്ത് ഗോവിന്ദമേനോൻ വാങ്ങി. അദ്ദേഹത്തിന്റെ മകനും മുൻ എംഎൽഎയുമായിരുന്ന കെ.ജി. കരുണാകര മേനോൻ കുടുംബസമേതം വളരെക്കാലം ഇവിടെ താമസിച്ചിരുന്നു. കമലാ സുരയ്യ എന്ന മാധവിക്കുട്ടിയുടെ ഇളയമ്മയായ നാലപ്പാട്ട് അമ്മിണിയമ്മയായിരുന്നു കരുണാകര മേനോന്റെ ഭാര്യ. കഥകളുറങ്ങുന്ന നാലപ്പാട്ട് തറവാടും കാവും നീർമാതളവുമെല്ലാം ഇവിടടുത്തു തന്നെ. മനയിലെത്തുന്ന സാഹിത്യതത്പരരായ സഞ്ചാരികൾ ഇവയെല്ലാം സന്ദർശിക്കാതെ മടങ്ങാറില്ല.



കാലം അണുകുടുംബങ്ങളിലേക്ക് മാറിയപ്പോൾ കുന്നത്തൂർ മനയുടെ അനന്തരവകാശികളും പല വഴിക്കായി. അവരിൽ നിന്ന് മന വാങ്ങിയ വ്യവസായി ഷെല്ലി പൊയ്യാറയാണ് മനയിൽ ടൂറിസത്തിന്റെ സാധ്യതകൾ കണ്ടെത്തിയത്.



ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചകൾ കാണാൻ മാത്രമല്ല, അറിയാനും പഠിക്കാനും കൂടിയാണ് വിദേശികൾ ഇവിടെയെത്തുന്നത്. അവര്‍ കുന്നത്തൂർ മനയെ നെഞ്ചോടു ചേർത്തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...


ചിത്രങ്ങൾ: ഹരികൃഷ്ണൻ 
[Courtesy: maonrama]

No comments:

Post a Comment