കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Wednesday 1 February 2017

മോഹൻലാലും ഈ മനയും തമ്മിലൊരു ബന്ധമുണ്ട്!......?


മനകളുടെ രാജാവാണ് വരിക്കാശ്ശേരി. ആ പേര് കേൾക്കുമ്പോൾത്തന്നെ മലയാളസിനിമാപ്രേക്ഷകരുടെ മനസ്സിലേക്ക് ഓർമകളുടെ തിരയിളക്കം അലയടിച്ചെത്തും. നിരവധി സിനിമകളിൽ നായകതുല്യമായ പിന്നണിവേഷങ്ങളിൽ മന പ്രൗഢിയോടെ നിറഞ്ഞുനിന്നു. ദേവാസുരം എന്ന സിനിമയിലെ മംഗലശേരി എന്ന വേഷത്തിൽ 'അഭിനയിച്ചതോടെയാണ്' വരിക്കാശ്ശേരി മന ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. പിന്നീട് ആറാം തമ്പുരാൻ, നരസിംഹം, ചന്ദ്രോത്സവം, രാവണപ്രഭു, മാടമ്പി, മി.ഫ്രോഡ് തുടങ്ങി മോഹൻലാലിന്റെ താരപദവിക്ക് തിളക്കമേകിയ ഒരുകൂട്ടം ചിത്രങ്ങളിൽ വരിക്കാശേരിയും പ്രധാന കഥാപാത്രമായിരുന്നു. മമ്മൂട്ടിക്കൊപ്പം വല്യേട്ടൻ, രാപ്പകൽ തുടങ്ങിയ ചിത്രങ്ങളിലും വരിക്കാശ്ശേരി അഭിനയിച്ചു. 


  ഒറ്റ‍പ്പാലത്തിനു സമീപം മനിശ്ശേരി എന്ന ഗ്രാമത്തിലാണ് വരിക്കാശ്ശേരി മന സ്ഥിതി ചെയ്യുന്നത്. എട്ടുനൂറ്റാണ്ടു മുൻപ് തേക്കാത്ത വെട്ടുകല്ലിൽ മൂന്ന് നിലകളിലായി നിർമിച്ചതാണ് ഈ മന. നാലുകെട്ടും എട്ടുകെട്ടുമൊക്കെ നാടുനീങ്ങുന്ന കാലത്ത്, നമ്മുടെ വാസ്തുവിദ്യ പാരമ്പര്യത്തിന്റെ സ്മാരകമായി ഇന്നും തലയുയർത്തി നിൽക്കുന്നു വരിക്കാശ്ശേരി. നാലേക്കറിൽ പരന്നുകിടക്കുന്ന മനയിൽ കളപ്പുര, പത്തായപ്പുര, കൽപ്പടവുകളോട് കൂടിയ വലിയ കുളം എന്നിവയുമുണ്ട്. ഇതിൽ ധാരാളം മത്സ്യങ്ങൾ നീന്തിത്തുടിക്കുന്നു. 


പ്രൗഢവും വിശാലവുമായ പൂമുഖം. ഇവിടെയാണ് നായകന്മാർ മീശ പിരിച്ച് ചമ്രം പടിഞ്ഞിരുന്ന് വർത്തമാനങ്ങൾ പറഞ്ഞതും നായികമാർ നൃത്തം ചവിട്ടിയതും. പൂമുഖത്തിനു മുകളിൽ തുറന്ന ടെറസ്, നടുമുറ്റം, വടക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, കിഴക്കിനി തുടങ്ങിയ നാല് ഇറയങ്ങൾ. അകത്തേക്ക് കയറുമ്പോൾ വിശാലമായ അകത്തളം, ഭക്ഷണപുര, ഭീമൻ ഗോവണികൾ, മുകളിലെ രണ്ടു നിലകളിൽ വിശാലമായ കിടപ്പുമുറികൾ.


ഒന്നാംനിലയില്‍ നാല് കിടപ്പുമുറികളും രണ്ട് ഹാളുകളും കാലപ്പഴക്കം ഏശാതെ മിനുങ്ങിനില്‍ക്കുന്നു. ചിത്രപ്പണികൾ കൊത്തിവെച്ച ഭീമാകാരന്‍ തൂണുകളിലാണ് മനയുടെ ഭാരം താങ്ങി നിര്‍ത്തിയിരിക്കുന്നത്. മനയോടു ചേര്‍ന്നുള്ള പടിപ്പുര മാളികയും സിനിമകളില്‍ നിരവധി തവണ അഭിനയിച്ചിട്ടുണ്ട്. വിശാലമായ പത്തായപ്പുരയാണ് പടിപ്പുര മാളികയുടെ പ്രധാന ആകര്‍ഷണം. 


പാലക്കാടിന്റെ കടുത്ത ചൂടിൽ തലയുയർത്തി നിൽക്കുമ്പോഴും  മനയ്ക്കുള്ളിലേക്ക് കയറിയാൽ എസി മുറിയിലേക്ക് കയറിയ പ്രതീതിയാണ്. പ്രശാന്തത തളം കെട്ടി നിൽക്കുന്ന അകത്തളങ്ങളിൽ അല്പസമയം ചെലവഴിച്ചാൽ ശരീരം മാത്രമല്ല മനസ്സും തണുക്കും.


പരമ്പരാഗത നിർമാണശൈലികളോടുള്ള മലയാളികളുടെ ഇഷ്ടം തിരിച്ചുകൊണ്ടുവന്നതിലും കാലപ്പഴക്കം കൊണ്ട് പൊളിച്ചു മാറ്റപ്പെടുമായിരുന്ന നിരവധി തറവാടുകൾക്കും മനകൾക്ക് സംരക്ഷണം നൽകാനുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിച്ചെടുക്കുന്നതിനും സിനിമകളിലൂടെ വരിക്കാശ്ശേരി നൽകിയ പങ്ക് വിസ്മരിക്കാവുന്നതല്ല...   പ്രൗഢിയും ഗാംഭീര്യവുമുള്ള വേഷങ്ങൾക്കായി വരിക്കാശ്ശേരി മന ഇനിയും കാത്തിരിക്കുന്നു...മലയാളസിനിമപ്രേക്ഷകരും...
[
Courtesy: Manorama]

No comments:

Post a Comment